
തൃശൂര്‍: യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി ഏറന്‍പുരക്കല്‍ വീട്ടില്‍ വിനീഷിനെയാണ് (26) തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൈപ്പമംഗലം കൂരിക്കുഴി പതിനെട്ട്മുറി സ്വദേശി പുതിയ വീട്ടില്‍ ബിലാലിനേയും ബന്ധുവായ സുന്‍സാമിനേയും കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിനാണ് അറസ്റ്റ്. കേസിലെ മറ്റ് പ്രതികളായ ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശികളായ മതിലകത്ത് വീട്ടില്‍ നജീബ് (30), പള്ളിപ്പറമ്പില്‍ വീട്ടില്‍ റിഫാദ് (28) എന്നിവരെ മുമ്പ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു.
ബിലാലിന് വിദേശത്തായിരുന്നു ജോലി. ഒരു മാസം മുമ്പാണ് നാട്ടില്‍ വന്നത്. ആറ് മാസങ്ങള്‍ക്ക് മുന്‍പ് ബിലാല്‍ വിദേശത്തായിരുന്ന സമയത്ത് നജീബിന്റെയും റിഫാദിന്റെയും സുഹൃത്തുക്കളായ ഷാഫി, ഷെനീര്‍, ഷാനു എന്നിവരെ ഫോണില്‍ വിളിച്ചതില്‍ ഇരു കൂട്ടരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്താല്‍ ബുധനാഴ്ച വൈകിട്ട് ബിലാലിനെയും സഹോദരന്‍ അബ്ദുള്‍ സലാമിനെയും ഷാഫി, ഷെനീര്‍, ഷാനു എന്നിവരും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിച്ചിരുന്നു.
പരുക്കേറ്റ ബിലാൽ ആശുപത്രിയിലാണ്. അബ്ദുള്‍ സലാമിന്റെ പരാതിയില്‍ കൈപ്പമംഗലം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഷാഫി, ഷെനീര്‍, ഷാനു എന്നിവരുടെയും സുഹൃത്തുക്കളുടെയും പേരില്‍ കേസെടുത്തതായി അറിഞ്ഞ ഇവരുടെ സുഹൃത്തായ വിനീഷ് ബിലാലിന്റെ ബന്ധുവായ സുന്‍സാമിനെ ഫോണില്‍ വിളിച്ച് കേസ് പറഞ്ഞ് തീര്‍ക്കാമെന്ന് പറഞ്ഞ് സുന്‍സാമിനെയും ബിലാലിനെയും വിളിച്ച് വരുത്തുകയായിരുന്നു.
അവിടേക്ക് വന്ന വിനീഷ്, നജീബ്, റിഫാദ് എന്നിവര്‍ ബിലാലുമായി സംസാരിച്ച് നില്‍ക്കവെ വീണ്ടും തര്‍ക്കമാവുകയും നജീബും റിഫാദും ചേര്‍ന്ന് ബിലാലിനെ തടഞ്ഞ് നിര്‍ത്തി വിനീഷ് കത്തി കൊണ്ട് ബിലാലിനെ വയറില്‍ കുത്തുകയായിരുന്നു. ഇതുകണ്ട് തടയാന്‍ ചെന്ന സുന്‍സാമിനെയും കുത്തി പരിക്കേല്‍പ്പിച്ചു. പരുക്കേറ്റ രണ്ടുപേരും കൊടുങ്ങല്ലൂര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഈ സംഭവത്തിന് കയ്പമംഗലം പോലീസ് സ്റ്റേഷനില്‍ വിനീഷ്, നജീബ്, റിഫാദ് എന്നിവരെ പ്രതിയാക്കി വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam