
കൊച്ചി: കൊച്ചി കളമശ്ശേരിയിൽ പാര്‍ക്കിങിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ അധിക്ഷേപിച്ചെന്ന് നഗരസഭ കൗണ്‍സിലര്‍മാര്‍. പാര്‍ക്കിങിനെ ചൊല്ലി ട്രാഫിക് സിഐ സാഗറും നഗരസഭ കൗണ്‍സിലര്‍മാരും തമ്മിലുള്ള വാക്കേറ്റത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.
സംഭത്തിൽ ഇടപ്പള്ളി ട്രാഫിക് സിഐ സാഗറിനെതിരെ കമ്മീഷണര്‍ക്ക് പരാതി നൽകുമെന്ന് കൗണ്‍സിലര്‍ നഷീറ സലാം പറഞ്ഞു. അനാവശ്യമായി പാര്‍ക്കിങ് പിഴ ചുമത്തിയത് ചോദ്യം ചെയ്തപ്പോഴാണ് ട്രാഫിക് പൊലീസ് സിഐ സംസാരിക്കാനോ വിശദീകരണം നൽകാനോ തയ്യാറാകാതെ അധിക്ഷേപിച്ചതെന്നാണ് പരാതി. കൗണ്‍സിലര്‍മാരുമായും നാട്ടുകാരുമായും തര്‍ക്കമുണ്ടായി. പൊലീസുമായി തര്‍ക്കിക്കുന്നതിന്‍റെ വീഡിയോ നാട്ടുകാരാണ് പകര്‍ത്തിയത്.
കളമശ്ശേരി എച്ച്എംടി ജങ്ഷനിൽ ട്രാഫിക് പരിഷ്കരണം നടപ്പാക്കിയിരുന്നുവെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. മന്ത്രി പി രാജീവ് അടക്കം ഇടപ്പെട്ട് റോഡിൽ വണ്‍വെ സംവിധാനവും നടപ്പാക്കിയിരുന്നു. ഇതിനുപുറമെ വ്യാപാര സ്ഥാപനങ്ങളിലേക്ക് സാധനം വാങ്ങാൻ വരുന്നവര്‍ക്ക് ഇവിടെ വാഹനം നിശ്ചിത സമയത്തേക്ക് നിര്‍ത്തിയിടാനുള്ള അനുമതിയും നൽകിയിരുന്നു.
എന്നാൽ, ഇരുചക്രവാഹനങ്ങള്‍ക്ക് അടക്കം നിര്‍ത്താൻ അനുമതി നൽകിയ സ്ഥലത്ത് പാര്‍ക്കിങ് പിഴ ഈടാക്കിയെന്നാണ് പരാതി. സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിൽ സ്ഥിരമായി പുതുതായി ചാര്‍ജെടുത്ത ട്രാഫിക് സിഐ പിഴ ചുമത്തുകയാണെന്നാണ് ആരോപണം. വീഡിയോ എടുത്ത് പോയശേഷമാണ് പിഴ തുകയുടെ നോട്ടീസ് അയക്കുന്നതെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഇന്നും സമാനമായ രീതിയിൽ പിഴ ചുമത്തുകയായിരുന്നു.
കൗണ്‍സിലര്‍മാരുടെയും നഗരസഭയുടെയും വാഹനങ്ങള്‍ക്കും പിഴ ചുമത്തി. ഇതോടെ ഇക്കാര്യം ചോദ്യം ചെയ്യുന്നതിനിടെയാണ് വാക്കേറ്റമുണ്ടായത്. എന്നാൽ, സംസാരിക്കാൻ തയ്യാറാകാതെ സിഐ ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറിയതെന്നും അധിക്ഷേപിച്ചെന്നും കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. മര്യാദയില്ലാതെ സംസാരിക്കരുതെന്നും സാറിന്‍റെ ഷോ കാണാൻ വന്നതല്ലെന്നും ജനപ്രതിനിധികളാണെന്നുമൊക്കെ കൗണ്‍സിലര്‍മാര്‍ തര്‍ക്കത്തിനിടെ പറയുന്നത് വീഡിയോയിലുണ്ട്. എന്നാൽ, സംസാരിക്കാൻ നിക്കാതെ സിഐ വാഹനത്തിൽ കയറിപോവുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam