
തിരുവനന്തപുരം: വീടിന് മുന്നിൽവച്ച് പൊലീസുകാരനെ കുത്തിയ പ്രതി അറസ്റ്റിൽ. കല്ലമ്പള്ളി ചേന്തി സ്വദേശി സജീവാണ് (45) പിടിയിലായത്. വലിയതുറ സ്റ്റേഷനിലെ പൊലീസുകാരനും പോങ്ങുംമൂടിന് സമീപം താമസക്കാരനുമായ മനുവിനാണ് കുത്തേറ്റത്. 22ന് രാത്രി 10ഓടെയാണ് സംഭവം. വീടിന് സമീപത്തെ കടയുടെ മുന്നിലായി തടസം സൃഷ്ടിച്ച് സ്‌കൂട്ടർ പാർക്ക് ചെയ്തത് മനു ചോദ്യം ചെയ്തിരുന്നു.
ഇത് വാക്കുതർക്കമാവുകയും കയ്യാങ്കളിയിൽ എത്തുകയുമായിരുന്നു. ഉന്തും തള്ളിനുമിടയിൽ നിലത്തുവീണ സജീവ് കൈയിൽ കരുതിയിരുന്ന മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് നെഞ്ചിലും മുഖത്തും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവശേഷം പ്രതി ഓടി രക്ഷപ്പെട്ടെങ്കിലും പൊലീസ് നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത്.
അക്രമി വീടിന് മുന്നിൽ ഉപേക്ഷിച്ച സ്‌കൂട്ടറിന് പിന്നീട് തീപിടിച്ചിരുന്നു. ഈ സംഭവത്തിൻമേലും അന്വേഷണം നടക്കുന്നുണ്ട്. പരിക്കേറ്റ പൊലീസുകാരൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞതോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം നോർത്ത്, മണ്ണന്തല, മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.