വയനാട് പേര്യയിൽ ആയുധധാരികളായ മാവോയിസ്റ്റ് സംഘം

By Web TeamFirst Published Dec 26, 2018, 11:11 PM IST
Highlights

സാധാരണയായി ഞങ്ങൾ സാധനങ്ങൾക്ക് പണം നൽകാറില്ല. എന്നാൽ നിങ്ങൾ സാമ്പത്തികം കുറഞ്ഞയാളായത് കൊണ്ടാണ് പണം നൽകുന്നതെന്ന് സംഘത്തിൽ ഒരാൾ കടയുടമയോട് പറഞ്ഞുവെത്രേ. ബ്രാഹ്മണ്യ ഹിന്ദുത്വത്തെ കുഴിച്ച് മൂടുക, മാവോയിസ്റ്റ് വിപ്ലവ ബദലിനായി പൊരുതുക എന്നാണ് പോസ്റ്ററിലുള്ളത്. 

കൽപ്പറ്റ: തലപ്പുഴക്കടുത്ത് പേര്യയിൽ ആയുധധാരികളായ ഒമ്പതംഗ മാവോവാദി സംഘമെത്തി. രാത്രി എട്ട് മണിയോടെ അയനിക്കൽ പി എസ് ഫിലിപ്പിന്റെ കടയിലാണ് സംഘം എത്തിയത്. സംഘത്തിലെ  മൂന്ന് പേർ സ്ത്രീകളാണ്. പോസ്റ്ററുകൾ പതിച്ചതിനൊപ്പം ലഘുലേഖകൾ പ്രദേശവാസികൾക്ക് വിതരണം ചെയ്തു. 

കടയിൽ നിന്നും അരിയുൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങിയാണ് ഇവർ മടങ്ങിയത്. മാവോവാദി സംഘം കടയിലെത്തുമ്പോൾ കുറച്ചു പേർ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. മലയാളത്തിലാണ് ഇവർ സംസാരിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. സാധനങ്ങളുടെ പേരുകൾ എഴുതിയ കുറിപ്പുമായാണ് ഇവർ കടയിലെത്തിയത്. ആവശ്യമായ സാധനങ്ങൾ എടുത്ത ശേഷം 1,200 രൂപ കടയുടമയ്ക്ക് സംഘം നൽകി.

സാധാരണയായി ഞങ്ങൾ സാധനങ്ങൾക്ക് പണം നൽകാറില്ല. എന്നാൽ നിങ്ങൾ സാമ്പത്തികം കുറഞ്ഞയാളായത് കൊണ്ടാണ് പണം നൽകുന്നതെന്ന് സംഘത്തിൽ ഒരാൾ കടയുടമയോട് പറഞ്ഞുവെത്രേ. ബ്രാഹ്മണ്യ ഹിന്ദുത്വത്തെ കുഴിച്ച് മൂടുക, മാവോയിസ്റ്റ് വിപ്ലവ ബദലിനായി പൊരുതുക എന്നാണ് പോസ്റ്ററിലുള്ളത്. 

കബനി ദളത്തിന്റെ ബുള്ളറ്റിനായ കാട്ടുതീയുടെ കോപ്പികളാണ് വിതരണം ചെയ്തത്. കടയിലുണ്ടായിരുന്ന വ്യക്തിയോട് പോസ്റ്ററിന്റെയും ലഘുലേഖയുടെയും ചിത്രം മൊബൈലിൽ പകർത്താനും ആവശ്യപ്പെട്ടു. തൊട്ടടുത്ത തേയിലത്തോട്ടം ചൂണ്ടി കാട്ടി ഇത് നിങ്ങൾക്ക് കയ്യേറി കൂടെയെന്നും സംഘം ഇവരോട് ചോദിച്ചു. 

എല്ലാവരുടെയും കയ്യിൽ വലിയ തോക്കും കത്തിയും ഉണ്ടായിരുന്നു. മാവോവാദികളുടെ സാന്നിധ്യമുണ്ടെന്ന് സ്ഥിരികരിച്ച കുഞ്ഞോം വനമേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശമാണ് അയനിക്കൽ. ആദ്യമായാണ് ഈ പ്രദേശത്ത് മാവോയിസ്റ്റ് സംഘം എത്തുന്നത്. വിവരമറിഞ്ഞ് പോലീസും തണ്ടർബോൾട്ടും അയനിക്കൽ പ്രദേശത്തെത്തി തിരച്ചിൽ നടത്തി. ഒരാഴ്ച മുമ്പ് തലപ്പുഴ 44 ലും മാവോവാദി സംഘമെത്തി നാട്ടുകാർക്ക്
ലഘുലേഖകൾ വിതരണം ചെയ്യുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. 

click me!