
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ ഏകാദശി മഹോത്സവം നാളെ (തിങ്കളാഴ്ച) വിപുലമായി ആഘോഷിക്കും. ഏകാദശിയോടനുബന്ധിച്ച് ദ്വാദശി ദിവസം വരെ നട അടക്കില്ല. ഏകാദശി മഹോത്സവത്തിൻ്റെ ഭാഗമായി ഞായറാഴ്ച വെളുപ്പിന് തുറന്ന ക്ഷേത്രനട, ഏകാദശിയും കഴിഞ്ഞ് ദ്വാദശി ദിവസമായ ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് മാത്രമേ അടയ്ക്കുകയുള്ളൂ. ഭക്തർക്ക് തടസ്സമില്ലാത്ത ദർശന സൗകര്യമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. ദശമി ദിവസമായ ഞായറാഴ്ച രാവിലെ വിശേഷാൽ കാഴ്ചശ്ശീവേലി നടന്നു. ഇതിന് തിരുവല്ല രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ മേളം അകമ്പടിയായി. ഉച്ചതിരിഞ്ഞുള്ള ശീവേലിക്ക് ചോറ്റാനിക്കര വിജയൻ മാരാരുടെ പ്രാമാണ്യത്തിൽ പഞ്ചവാദ്യവും അരങ്ങേറി. വൃശ്ചികമാസത്തിലെ വെളുത്ത പക്ഷത്തിലെ ഏകാദശി നാളിൽ ആചരിക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് ഗുരുവായൂർ ഏകാദശി. ഈ ദിവസം ഗുരുവായൂരിലെ പ്രതിഷ്ഠാദിനമായും, ഭഗവാൻ ശ്രീകൃഷ്ണൻ അർജുനന് ഭഗവദ്ഗീതോപദേശം നൽകിയ ദിവസമായും കണക്കാക്കപ്പെടുന്നു. ഈ പുണ്യദിനത്തിൽ ഭക്തർ വ്രതമെടുക്കുകയും ക്ഷേത്രദർശനം നടത്തുകയും ചെയ്യുന്ന പതിവുണ്ട്.
തിങ്കളാഴ്ച ഏകാദശി ദിവസം ഉദയാസ്തമയപൂജയുള്ളതിനാൽ ഭക്തർക്ക് ഇടവിട്ടുള്ള ദർശനമേ ലഭിക്കൂ. പൊതു വരിയിലുള്ളവർക്ക് ദർശനത്തിന് പ്രാധാന്യം നൽകുന്ന രീതിയിലാണ് ക്ഷേത്രത്തിനകത്തെ ക്രമീകരണങ്ങൾ.രാവിലെ അഞ്ചുമുതൽ വൈകീട്ട് അഞ്ചു വരെ പ്രത്യേക ദർശനമോ വിഐപി. ദർശനമോ ഉണ്ടാകില്ല. തിരക്ക് നിയന്ത്രിക്കാനായി നെയ് വിളക്ക് ശീട്ടാക്കലും നിർത്തിവെച്ചു. പ്രസാദ ഊട്ട് രാവിലെ ഒൻപതിന് ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടിനുശേഷം പ്രസാദ ഊട്ടിന്റെ വരി അവസാനിപ്പിക്കും. രാത്രി 12 മുതൽ ദ്വാദശിപ്പണം സമർപ്പിക്കാനുള്ള പ്രത്യേക വരി ആരംഭിക്കും. ചൊവ്വാഴ്ച രാവിലെ എട്ടു വരെ ദ്വാദശിപ്പണം സമർപ്പിക്കാം..
ഏകാദശി മഹോത്സവം പ്രമാണിച്ച് ഡിസംബർ ഒന്ന് തിങ്കളാഴ്ച ചാവക്കാട് താലൂക്ക് പരിധിയിൽ ഉൾപ്പെടുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള നിയമന പരീക്ഷകൾക്കും ഈ അവധി ബാധകമായിരിക്കില്ല.