
അരൂർ: വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. ചന്തിരൂരിലെ മദ്രസയിൽ നടന്ന സംഭവത്തിലാണ് പ്രതിയായ മദ്രസ അധ്യാപകനെ അരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അരൂക്കുറ്റി സ്വദേശിയും മദ്രസ അധ്യാപകനുമായ 63 വയസ്സുള്ള മുഹമ്മദാണ് പിടിയിലായത്. പ്രതി ഒരു മാസമായി പെൺകുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നുവെന്നാണ് വിവരം. പ്രതി മദ്രസയിൽ സമാന രീതിയിൽ കൂടുതൽ വിദ്യാർത്ഥികളെ പീഡിപ്പിച്ചതായി സംശയമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
മുൻപ് മറ്റൊരു മദ്രസയിൽ സമാന സംഭവം ഉണ്ടായപ്പോൾ പുറത്താക്കപ്പെട്ടിട്ടുള്ളയാളാണ് പ്രതി. ഇത്തരത്തിൽ സമാന സംഭവങ്ങൾ നടന്നിട്ടും പ്രതിക്കെതിരെ പൊലീസിൽ പരാതി നൽകാതെ വിട്ടയച്ച മദ്രസ അധികാരികൾക്കെതിരെയും അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. മുൻപ് സമാന സംഭവം ഉണ്ടായിട്ടും ഇക്കാത്യം തിരക്കാതെ മുഹമ്മദിനെ മദ്രസ അധ്യാപകനായി നിയമിച്ചതിനെതിരെയും ശക്തമായ പൊലീസ് അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം മലപ്പുറത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത പോക്സോ കേസിൽ മലപ്പുറത്ത് കേരള ബാങ്ക് ജീവനക്കാരനും പെൺസുഹൃത്തും അറസ്റ്റിലായി എന്നതാണ്. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ക്ലാർക്ക് അലി അക്ബർ ഖാൻ (39) ആണ് പോക്സോ കേസിൽ പൊലീസിന്‍റെ പിടിയിലായത്. ഇയാളുടെ പെൺ സുഹൃത്തിന്‍റെ മകളായ 11 വയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. അമ്മയുടെ അറിവോടെയായിരുന്നു പീഡനമെന്ന് വ്യക്തമായതോടെയാണ് ഇവരെയും പിടികൂടിയത്. സ്കൂളിൽ കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം അധ്യാപകരുടെയും മറ്റും ശ്രദ്ധയിൽപ്പെട്ടതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ മാറ്റം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ സ്‌കൂളിൽ കൗൺസിലിംഗ് നടത്തുകയായിരുന്നു. ഈ കൗൺസിലിംഗിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam