വീട് പോലെ ഒരു ബസ് സ്റ്റോപ്പ്! ഹൈടെക്ക് ആയി ആശാരിമൂല; മിനി വായനശാല മുതൽ എഫ്എം റേഡിയോ വരെ, മറ്റ് സൗകര്യങ്ങളറിയാം

Published : Sep 09, 2025, 02:45 PM IST
asharimoola bus waiting shed

Synopsis

ആശാരി മൂലയിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചു. ലൈറ്റ്, ഫാൻ, മൊബൈൽ ചാർജിംഗ് പോയിന്റുകൾ, എഫ്എം റേഡിയോ, സിസിടിവി ക്യാമറകൾ, സോളാർ പാനൽ, പൂന്തോട്ടം, എൽഇഡി പരസ്യ ബോർഡ് തുടങ്ങിയ സൗകര്യങ്ങൾ കേന്ദ്രത്തിലുണ്ട്.

തൃശൂര്‍: ഞെട്ടണ്ട ഉണ്ണി... ഇത് ബസ് സ്റ്റോപ്പ് തന്നെയാണ്. കണ്ടശ്ശാംകടവ് പടിയത്ത് നിര്‍മ്മിച്ച ആശാരിമൂലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ജനശ്രദ്ധ നേടുന്നു. ഒരേ സമയം ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് കാത്തിരിപ്പ് കേന്ദ്രമായും ഒരു മിനി വായനശാലയായും മാറ്റാനാണ് പദ്ധതി. ഫാനും ലൈറ്റും ഇട്ട് എഫ്.എം. റേഡിയോയിലെ പാട്ടും ആസ്വദിച്ച് ബസ് കാത്തിരിക്കാന്‍ പറ്റുന്ന രീതിയിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

പടിയം സാംസ്‌കാരിക വേദിയിലെ അംഗങ്ങള്‍ പ്രദേശവാസികളുടെ സഹകരണത്തോടെയാണ് ആശാരി മൂലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം പുനര്‍ നിര്‍മ്മിച്ചത്. നാട്ടിലുള്ള ആളുകള്‍ക്ക് ഗുണം ചെയ്യുന്ന രീതിയില്‍ വേണം കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിര്‍മ്മാണം എന്ന് നേരത്തെ മനസിലുറപ്പിച്ചിരുന്നു. തികച്ചും ആധുനിക രീതിയിലാണ് ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. ഇപ്പോൾ സ്വപ്നം പോലെ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം ആശാരി മൂലയ്ക്കും സ്വന്തമായതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ.

വളരെ മനോഹരമായ രീതിയില്‍ നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ലൈറ്റും ഫാനും മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള പോയിന്റുകളും ഉണ്ട്. നേരം പോകാനായി വേണമെങ്കില്‍ കേള്‍ക്കാന്‍ എഫ്.എം. റേഡിയോയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവിടെയെത്തുന്ന സ്ത്രീകള്‍ അടക്കമുള്ള ആളുകളുടെ സുരക്ഷ കണക്കിലെടുത്ത് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമായി നാല് സിസിടി.വി. ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. കേന്ദ്രത്തിലേക്ക് വേണ്ടിവരുന്ന വൈദ്യുതിക്കായി ഇവിടെത്തന്നെ സോളാര്‍ പാനല്‍ സ്ഥാപിച്ചിട്ടുണ്ട്.

മനോഹരമായ ഒരു പൂന്തോട്ടവും ഈ കേന്ദ്രത്തിന് സമീപം ഒരുക്കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ മെയിന്റനന്‍സ് വര്‍ക്കിനായുള്ള പണം കണ്ടെത്താനായി ഇവിടെ ഒരു എല്‍.ഇ.ഡി. പരസ്യ ബോര്‍ഡും ഒരുക്കിയിട്ടുണ്ട്. ഇതില്‍ പരസ്യം ചെയ്യുന്ന ആളുകള്‍ നല്‍കുന്ന പണം കേന്ദ്രത്തിന്റെ നടത്തിപ്പു കാര്യങ്ങള്‍ക്കായി ഉപയോഗിക്കും.

1,70,000 രൂപയ്ക്കാണ് ബസ് കാത്തിരുപ്പ് കേന്ദ്രം പണിതീര്‍ത്തത്. നിര്‍മ്മാണ വസ്തുക്കള്‍ക്ക് മാത്രമാണ് ആകെ പണം ചെലവായത്. ആരും കൂലി വാങ്ങാതെയാണ് കാത്തിരിപ്പുകേന്ദ്രം നിര്‍മ്മാണത്തിന് സഹകരിച്ചത്. ഈ റൂട്ടില്‍ ആകെ രണ്ട് ബസുകളാണ് സര്‍വീസ് നടത്തുന്നത്. ബസുകള്‍ ഇല്ലാത്ത സമയത്ത് കാത്തിരിപ്പ് കേന്ദ്രം ഒരു മിനി വായനശാലയാക്കാന്‍ ആണ് നാട്ടുകാരുടെ പദ്ധതി. പത്രങ്ങളും വായനാശീലം വളര്‍ത്താന്‍ ഉതകും വിധത്തില്‍ പുസ്തകങ്ങളും കേന്ദ്രത്തില്‍ ഉണ്ടാവും.

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ