
തൃശൂർ: കടലിൽ കുളിക്കവെ തിരയിൽപ്പെട്ട രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി അഴീക്കോട് പൊലീസ്.16നാണ് സംഭവം. തിരയിൽപ്പെട്ട 2 കുട്ടികളെയും പിതാവിനെയും രക്ഷപ്പെടുത്തി. കൊടുങ്ങല്ലൂർ സ്വദേശികളായ പിതാവും ആറും രണ്ടും വയസ് പ്രായമുള്ള കുട്ടികളും കടലിൽ കളിച്ചുകൊണ്ടിരിക്കവേ തിരമാലയിൽപ്പെട്ട് ഒഴുകി പോവുകയായിരുന്നു.
അഴീക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ജിഎസ്ഐ രഞ്ജിത്തിന്റെ നേതൃത്വത്തിൽ മുനക്കൽ സമ്മർ ഫെസ്റ്റിനോട് അനുബന്ധിച്ച് ഡ്യൂട്ടി ചെയ്തു വരവേ, ആ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരായ എഎസ്ഐ സിന്ധു ജോസഫ് അപകടം മറ്റു പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തുകയും കോസ്റ്റൽ വാർഡൻ ജോൺസൺ ആന്റണി ഉടൻ തന്നെ കടലിലേക്ക് ചാടുകയും പിന്നാലെ ശരത് ബാബു, അനിൽ, അൻസൽ എന്നിവർ സഹായികളായി കടലിൽ ഇറങ്ങി മൂവരെയും രക്ഷപെടുത്തുകയും ചെയ്തു.
കരയിൽഎത്തിച്ച കുട്ടികളെ എഎസ്ഐ സിന്ധു ജോസഫ് പരിപാലിക്കുകയും പിതാവിന് മറ്റുള്ളവർ മാനസിക ആരോഗ്യം വീണ്ടെടുക്കുന്നതിനു വേണ്ടിയുള്ള സഹായവും നൽകി. പൊലീസ് ഉദ്യോഗസ്ഥരുടെയും കോസ്റ്റൽ വാർഡന്റെയും അവസരോചിതമായ ഇടപെടലിലൂടെ വൻ ദുരന്തമാണ് ഒഴിവായത്.