
തൃശൂർ: അതിരപ്പിളളി വെട്ടിക്കുഴിയിലുണ്ടായ ഉരുൾപൊട്ടലിൽ ആളപായമില്ല. പരിസരവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതിന് ജില്ലാ കളക്റ്റർ ടി.വി അനുപമ സ്ഥലത്തെത്തിയിട്ടുണ്ട്. കുതിരാനിലെ ഒന്നാം തുരങ്കത്തിൻറെ കിഴക്ക് ഭാഗത്ത് വീണ്ടും മണ്ണിടിച്ചലുണ്ടായി. പ്രവേശനകവാടത്തിനരികെ ബുധനാഴ്ച മണ്ണിടിഞ്ഞിരുന്നു. ഇന്ന് പുലർച്ചെ വീണ്ടും മണ്ണിടിഞ്ഞതോടെ നൂറുകണക്കിന് വാഹനങ്ങളാണ് റോഡിൽ നിരന്നുകിടക്കുന്നത്. വലിയ ഗതാഗതകുരുക്കാണ് ദേശീയപാതയിൽ രൂപപ്പെട്ടിരിക്കുന്നത്. പീച്ചിയിൽ ജലനിരപ്പുയരുന്നു. ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി.
ചേർപ്പ് ഊരകത്ത് കുന്നിടിഞ്ഞതിനെ തുടർന്ന് ആളുകളെ മാറ്റിപാർപ്പിക്കുകയാണ്. തൃശൂർ പട്ടണത്തിൽ പാട്ടുരായ്ക്കലിൽ വീട് ഭാഗികമായി തകർന്നു വീണു. ആളപായമില്ല. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നുണ്ട്. നദികളിൽ ജലമേറുന്നതിനാൽ ചാലക്കുടി, പെരിയാർ എന്നീ നദികളുടെ തീരങ്ങളിലും തീരമേഖലകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണം. വെളളത്താൽ ചുറ്റപ്പെട്ട സ്ഥലങ്ങളിൽ വീടുകളിൽ കഴിയുന്നവർ നിർബന്ധമായും ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറണമെന്ന് അധികൃതർ അറിയിച്ചു. ഇതുവരെ തൃശൂർ ജില്ലയിൽ 114 ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഇവിടങ്ങളിൽ 3872 കുടുംബങ്ങളുണ്ട്. മൊത്തം 12,338 ആളുകളാണ് ക്യാമ്പുകളിൽ കഴിയുന്നത്. ക്യാമ്പുകളുടെ എണ്ണം, കുടുംബം, താമസിക്കുന്നവർ യഥാക്രമം: കൊടുങ്ങല്ലൂർ -30- 21 57- 7179. ചാവക്കാട് -2-17- 82. ചാലക്കുടി - 37-1253-3589.മുകുന്ദപുരം - 19-245- 909. തൃശൂർ - 2 2-185 -550. കുന്നംകുളം - 2 - 6-13. തലപ്പിള്ളി - 2 - 9- 16.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam