
ആലപ്പുഴ: ആലപ്പുഴ കുട്ടനാട് പച്ചയിൽ എടിഎം തകര്‍ത്ത് മോഷണ ശ്രമം. പച്ചയിലെ ഫെഡറൽ ബാങ്കിന്‍റെ പച്ച ചെക്കിടിക്കാട് ശാഖയിലെ എടിഎം തകര്‍ക്കാനാണ് ശ്രമം നടന്നത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. എ ടി എം തകർക്കുന്നതിനിടെ ബാങ്ക് ഹെഡ് ഓഫീസിൽ ലഭിച്ച സിഗ്നലിനെ തുടർന്ന് അധികൃതർ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു.
ഉടൻ തന്നെ പൊലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും അപ്പോഴേക്കും മോഷ്ടാവ് ശ്രമം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പച്ചയിലെ ബാങ്ക് ജീവനക്കാരെ വിളിച്ചു വരുത്തിയ ശേഷം സി സി ടി വി ദൃശ്യം പരിശോധിച്ചു. റെയിൻകോട്ട് കൊണ്ട് ശരീരം പൂർണ്ണമായി മറച്ച വ്യക്തി കൃത്യം നടത്തിയശേഷം റോഡിന് കുറുകെ ഇടവഴയിലൂടെ നടന്നു പോകുന്നതായി ദൃശ്യത്തിലുണ്ട്. മറ്റ് സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നു. സംഭവത്തിൽ മോഷണശ്രമത്തിന് പൊലീസ് കേസെടുത്തു. കൂടുതൽ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പ്രതിയെ പിടികൂടാനുള്ള ഊര്‍ജിത ശ്രമത്തിലാണ് പൊലീസ്.
കഴിഞ്ഞ ഏപ്രിലിൽ മലപ്പുറം മഞ്ചേരിയിൽ എടിഎം തകര്‍ത്ത് കവര്‍ച്ചാ ശ്രമം നടത്തിയ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. മറ്റൊരു കേസിലെ സിസിടവി ദൃശ്യങ്ങള്‍ ഒത്തുനോക്കിയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. മഞ്ചേരി മഞ്ഞപ്പറ്റ തോട്ടുപൊയിൽ ചെറാകുത്ത് സബ്‌സ്റ്റേഷനു സമീപം താമസിക്കുന്ന ഫായിസിനെയാണ് (27) മഞ്ചേരി എസ്‌ഐ ജസ്റ്റിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
മഞ്ചേരി-കോഴിക്കോട് റോഡിലെ ഇന്ത്യൻ മാളിന് എതിർവശത്തെ സ്റ്റേറ്റ് ബാങ്കിന്റെ എടിഎം തകർത്ത് പണം കൊള്ളയടിക്കാൻ ശ്രമിച്ച സംഭവത്തിലായിരുന്നു അറസ്റ്റ്. മഞ്ചേരിയിലും പുലര്‍ച്ചെ രണ്ടോടെയായിരുന്നു മോഷണശ്രമം ഉണ്ടായത്. ഹെൽമെറ്റ് ധരിച്ച് മുഖം മറച്ച് കൗണ്ടറിനകത്തു കടന്ന മോഷ്ടാവ് ഒരുമണിക്കൂറോളം അവിടെ ചെലവഴിച്ചെങ്കിലും എടിഎം ലോക്കർ തകർത്ത് പണം കൊള്ളയടിക്കാൻ സാധിച്ചിരുന്നില്ല.
സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഗുരുവായൂരിൽ നിന്ന് ബുള്ളറ്റ് ബൈക്ക് മോഷണം പോയ തുമായി ബന്ധപ്പെട്ട് പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളും എടിഎം കൗണ്ടറിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളും ഒത്തുനോക്കിയാണ് ഫായിസിലേക്ക് പോലീസ് എത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam