
തൃശൂര്‍: ബാര്‍ ഹോട്ടലില്‍ അതിക്രമം നടത്തിയ സംഭവത്തിൽ രണ്ട് സ്റ്റേഷന്‍ റൗഡികളടക്കം നാല് പ്രതികള്‍ അറസ്റ്റിലായി. കൈപ്പമംഗലം സ്വദേശികളായ ഹാരിസ് (31), അഖില്‍ നാസ് (24), താഹിര്‍ (35), സുഹൈല്‍ (27) എന്നിവരാണ് അറസ്റ്റിലായത്. കൈപ്പമംഗലം മൂന്നുപീടിക ചാന്ദ് വി ബാറില്‍ അതിക്രമം നടത്തുകയും ബാറിൽ എത്തിയവരെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും ബാറിലെ ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്.
ആറാം തീയതി രാത്രി എട്ടരയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബാറില്‍ മദ്യപിച്ചു കൊണ്ടിരുന്നവരെ പ്രതികള്‍ ശല്യം ചെയ്തപ്പോൾ ബാര്‍ ഹോട്ടല്‍ മാനേജര്‍ തൃശൂര്‍ പൂത്തോള്‍ സ്വദേശി പ്രസന്നന്‍ (65) ഇടപെട്ടു. കസ്റ്റമേഴ്‌സിനെ ശല്യം ചെയ്യരുതെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രതികള്‍ പ്രസന്നനെയും വെയിറ്റര്‍ വിപിനെയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതി.
തുടര്‍ന്ന് ഒന്നാം പ്രതിയായ ഹാരിസ് ബാറിലുണ്ടായിരുന്ന ഗ്ലാസുകള്‍ തകര്‍ക്കുകയും നാശനഷ്ടം വരുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. കൂടാതെ ടേബിളിലുണ്ടായിരുന്ന ഗ്ലാസ് എടുത്ത് പ്രസന്നനെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. ഹാരിസിനെതിരെ മതിലകം, കൊടുങ്ങല്ലൂര്‍, വാടാനപ്പിള്ളി, കൈപ്പമംഗലം, തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധികളിലായി രണ്ട് കവര്‍ച്ചക്കേസുകളും രണ്ട് വധശ്രമക്കേസും നാല് അടിപിടിക്കേസും ഒരു മോഷണക്കേസും അടക്കം 11 കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
അഖില്‍ നാസ് കൈപ്പമംഗലം വലപ്പാട് പൊലീസ് സ്റ്റേഷന്‍ പരിധികളിലായി ഒരു കവര്‍ച്ചക്കേസിലും ഒരു വധശ്രമക്കേസിലും ഒരു മോഷണക്കേസിലും അടക്കം മൂന്ന് ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കയ്പമംഗലം പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പക്ടർമാരായ ജയകുമാര്‍ ടി, അവിനാഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രജിത്ത്, സി പി ഒ മാരായ ആന്‍റണി, വിശാഖ് കൃഷ്ണ, വിപിന്‍ദാസ് എന്നിവരാണ് പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam