പാൻട്രി കാറില്‍ നിന്നും കൈക്കൂലി വാങ്ങാൻ ശ്രമം: രണ്ട് ടി ടി ഇ മാർക്ക് സസ്പെൻഷൻ

By Web TeamFirst Published Jun 18, 2019, 1:45 PM IST
Highlights

സ്ക്വാഡ് വിഭാഗം മേധാവി ജയപ്രകാശ് നടത്തിയ പ്രാഥമിക അന്വഷണത്തിൽ പാൻട്രി കാർ മാനേജറുടെയും മറ്റ് ടിക്കറ്റ് പരിശോധകരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ

തിരുവനന്തപുരം: ഗുവാഹത്തിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന 12516 എക്സ്പ്രസ്സിൽ വ്യാജ ടിക്കറ്റ് ചെക്കിങ് നടത്തി പണം കൈക്കലാക്കാൻ ശ്രമിച്ചതിന് രണ്ട് ടി ടി ഇ മാരെ സസ്പെന്‍ഡ് ചെയ്തു. ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷനിലെ ടിക്കറ്റ് പരിശോധകരായ കൃഷ്ണകുമാർ, രേഖാ ലാൽ എന്നിവരെ തിരുവനന്തപുരം സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ രാജേഷ് ചന്ദ്രനാണ് സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.

സ്ക്വാഡ് വിഭാഗം മേധാവി ജയപ്രകാശ് നടത്തിയ പ്രാഥമിക അന്വഷണത്തിൽ പാൻട്രി കാർ മാനേജറുടെയും മറ്റ് ടിക്കറ്റ് പരിശോധകരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. 12516 ട്രെയിൻ പാലക്കാട് എത്തിയത് മുതലാണ് സംഭവം. 
ലീവിൽ ആയിരുന്ന ഇവർ പാലക്കാട് ഡിവിഷനിലെ അസിസ്റ്റന്റ് കൊമേഴ്സ്യൽ ഓഫീസർ സുനിലിനൊപ്പം അനധികൃതമായി പാൻട്രി മാനേജരെ ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതായി മാനേജർ നൽകിയ പരാതിയിൽ പറയുന്നുണ്ട്.

രാത്രി ഒമ്പത് മണിക്ക് ശേഷം പാൻട്രി പരിശോധിക്കാൻ പാടില്ല എന്ന് പറഞ്ഞപ്പോൾ കൃഷ്ണകുമാർ പാൻട്രി തൊഴിലാളികളെ ആക്രമിച്ചതായും പരാതിയിൽ പറയുന്നു. നാഗർകോവിൽ കോടതിയിൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കൃഷ്ണകുമാർ. RPF ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് കോടതി ശിക്ഷിച്ചിട്ടുണ്ട്.  ഈയിടെ ഇയാളെ സ്വകാഡിൽ നിന്നും മാറ്റിയിരുന്നു.

തിരുവനന്തപുരത്ത് മാത്രം പരിശോധന അധികാര പരിധിയുള്ള ഇവർ പാലക്കാട് ഡിവിഷനിൽ പോയി പരിശോധന നടത്തിയതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കണമെന്ന് പാൻട്രി കോൺട്രാക്ടർ റെയിൽവേ ബോർഡിനും CBI ക്കും പരാതി നൽകിയിട്ടുണ്ട്.

click me!