
പത്തനംതിട്ട: പിണങ്ങി മാറി മകനുമൊത്ത് സ്വന്തം വീട്ടിൽ താമസിക്കുന്ന ഭാര്യയെ വിളിച്ചിട്ട് കൂടെ വരാത്തതിന്‍റെ പേരിൽ ഭർത്താവ് ദേഹത്ത് പെട്രോളൊഴിച്ചു. സംഭവത്തിൽ കേസെടുത്ത ആറന്മുള പൊലീസ് ഭർത്താവിനെ ഉടനടി പിടികൂടി. ആറന്മുള തെക്കേമല തോലൂപ്പറമ്പിൽ വീട്ടിൽ രാജേഷ് കുമാർ(37) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 31ന് രാത്രി 8.30 ഓടെ യുവതി ജോലിചെയ്യുന്ന കോഴഞ്ചേരിയിലെ മെഡിക്കൽ സെന്‍ററിൽ പെട്രോൾ നിറച്ച കുപ്പിയുമായി കയറി അസഭ്യം വിളിച്ചുകൊണ്ട് ദേഹത്ത് പെട്രോൾ ഒഴിക്കാൻ തുനിഞ്ഞു.
പരിഭ്രാന്തിയിലായ യുവതി രക്ഷപ്പെടാനായി പുറത്തേക്ക് ഓടി ഇറങ്ങിയപ്പോൾ നിന്നെ കൊന്നിട്ട് ഞാനും ചാവും എന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് പെട്രോൾ ഭാര്യയുടെ ദേഹത്തേക്കൊഴിച്ചു. തുടർന്ന് ലൈറ്റർ എടുത്ത് കത്തിക്കാൻ ശ്രമിച്ചപ്പോൾ യുവതിയുടെ കൂടെ ജോലി ചെയ്യുന്നയാൾ കൈകൊണ്ട് തട്ടി മാറ്റുകയായിരുന്നു.
പിറ്റേദിവസം യുവതി സ്റ്റേഷനിലെത്തി വിവരം പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ എഎസ്ഐ ടി മിനി മൊഴി രേഖപ്പെടുത്തി. എസ് ഐ കെ ആർ ഹരികൃഷ്ണൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് പ്രതിക്കായി നടത്തിയ തെരച്ചിലിൽ അന്നുതന്നെ തെക്കേമലയിലുള്ള വീടിനു സമീപത്ത് നിന്നും കസ്റ്റഡിയിലെടുത്തു. തുടർനടപടികൾക്ക് ശേഷം വൈകിട്ട് ഏഴിന് അറസ്റ്റ് രേഖപ്പെടുത്തി. സ്ഥലത്ത് ശാസ്ത്രീയ അന്വേഷണസംഘവും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. പെട്രോൾ അടങ്ങിയ കുപ്പി പൊലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam