ആറ്റുകാൽ പൊങ്കാല മാർച്ച് 13ന്, ഇക്കുറി വിമാനത്തിലെ പുഷ്പവൃഷ്ടിയില്ല, 12ന് വൈകുന്നേരം മുതൽ മദ്യനിരോധനം

Published : Feb 01, 2025, 06:15 PM IST
ആറ്റുകാൽ പൊങ്കാല മാർച്ച് 13ന്, ഇക്കുറി വിമാനത്തിലെ പുഷ്പവൃഷ്ടിയില്ല, 12ന് വൈകുന്നേരം മുതൽ മദ്യനിരോധനം

Synopsis

കോര്‍പ്പറേഷന്‍ പരിധിയിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും പൊങ്കാലയുടെ തലേ ദിവസം വെകുന്നേരം 6 മുതല്‍ പൊങ്കാല ദിവസം വൈകുന്നേരം 6വരെ മദ്യനിരോധനം ഏര്‍പ്പെടുത്തും. ഉപഉത്സവങ്ങളില്‍ നിര്‍ബന്ധിത പിരിവ് പാടില്ല. ഉൽസവദിവസങ്ങളിലു൦, പ്രത്യേകിച്ച് പൊങ്കാല ദിനത്തിലു൦ ഭക്ഷണം, വെള്ളം വിതരണം ചെയ്യല്‍ എന്നിവയില്‍ അതീവ ശ്രദ്ധ വേണം

തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം മാർച്ച് 13ന് നടക്കും. ഉത്സവത്തോടനുബന്ധിച്ച് 30 വാര്‍ഡുകള്‍ ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും പൊങ്കാല ദിവസമായ മാര്‍ച്ച് 13ന് ജില്ലയ്ക്ക് അവധി നല്‍കുന്നതിന് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്നും  മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ആറ്റുകാല്‍ ട്രസ്റ്റ് ഓഫീസില്‍ ചേര്‍ന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഉപഉത്സവങ്ങളില്‍ നിര്‍ബന്ധിത പിരിവ് പാടില്ല. ഉൽസവദിവസങ്ങളിലു൦, പ്രത്യേകിച്ച് പൊങ്കാല ദിനത്തിലു൦ ഭക്ഷണം, വെള്ളം വിതരണം ചെയ്യല്‍ എന്നിവയില്‍ അതീവ ശ്രദ്ധ വേണം. ദൂരദേശങ്ങളില്‍ നിന്ന് വിളക്കുകെട്ടുമായി വരുന്നവര്‍ ഗതാഗത തടസ്സം സൃഷ്ടിക്കരുതെന്നും പരസ്യങ്ങൾ കോടതിയുടെ അനുമതി വാങ്ങി മാത്രം സ്ഥാപിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി, കുടിവെള്ള ക്ഷാമം പരിഹരിക്കല്‍, ഓടകള്‍ വൃത്തിയാക്കല്‍, ടോയ്‌ലറ്റ് സംവിധാനങ്ങള്‍, മാലിന്യ പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ മന്ത്രി വി.ശിവന്‍കുട്ടി വാര്‍ഡ് കൗണ്‍സിലര്‍മാര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. 

തിരുവനന്തപുരം വിമാനത്താവളത്തില്‍ മാര്‍ച്ച് 29വരെ റണ്‍വേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വിമാന സര്‍വ്വീസുകള്‍ നടത്തുന്നില്ല. അതിനാല്‍ പൊങ്കാല ദിവസത്തില്‍ എയര്‍ക്രാഫ്റ്റ് മാര്‍ഗ്ഗേനയുള്ള പുഷ്പവൃഷ്ടി ഉണ്ടാവില്ല. കോര്‍പ്പറേഷന്‍ പരിധിയിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും പൊങ്കാലയുടെ തലേ ദിവസം വെകുന്നേരം 6 മുതല്‍ പൊങ്കാല ദിവസം വൈകുന്നേരം 6വരെ മദ്യനിരോധനം ഏര്‍പ്പെടുത്തും. ആറ്റുകാല്‍ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട വിവിധ ചുമതലകള്‍ നിര്‍വഹിക്കുന്നതിനുള്ള ഭരണാനുമതിക്കായി സര്‍ക്കാരിലേക്ക് നല്‍കേണ്ട എസ്റ്റിമേറ്റുകള്‍ അടിയന്തരമായി നല്‍കണമെന്ന് വിവിധ നിര്‍വഹണ ഏജന്‍സികള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

കുറ്റമറ്റ രീതിയില്‍ പൊങ്കാല മഹോത്സവം നടത്തുന്നതിന് ബന്ധപ്പെട്ട എല്ലാവരും മുന്‍കൈയ്യെടുക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍ദ്ദേശിച്ചു. ആറ്റുകാല്‍ പൊങ്കാലയില്‍ ഹരിതപ്രോട്ടോകോള്‍ പാലിക്കുമെന്നും പെട്രോള്‍ പമ്പുകള്‍ക്ക് സമീപം അടുപ്പ് കൂട്ടുന്നത് ഭക്തജനങ്ങള്‍ ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ അനുകുമാരി അറിയിച്ചു. സബ് കളക്ടര്‍ ആല്‍ഫ്രഡ് ഒ.വി ആണ് പൊങ്കാലയുടെ നോഡല്‍ ഓഫീസര്‍.  പൊങ്കാലയോടനുബന്ധിച്ച് മൂവായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ രണ്ട് ഘട്ടങ്ങളിലായി വിന്യസിക്കുമെന്നും വിവിധയിടങ്ങളില്‍ പാര്‍ക്കിംഗ് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് അറിയിച്ചു. വഴിയോര കടകള്‍ റോഡില്‍ ഇറക്കി കച്ചവടം നടത്തുന്നത് നിയന്ത്രിക്കുമെന്നും ക്ഷേത്ര പരിസരത്ത് കൊടി തോരണങ്ങളും മറ്റ് അനധികൃത പരസ്യങ്ങളും ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിപ്പിക്കുമെന്നും 450 ജീവനക്കാര്‍, 30 ഫയര്‍ എന്‍ജിനുകൾ, ആറ് ആംബുലന്‍സ് എന്നിവ വിന്യസിപ്പിക്കുമെന്നും ഫയര്‍ ആന്റ് സേഫ്റ്റി അധികൃതര്‍ അറിയിച്ചു. പൊങ്കാല മഹോത്സവ ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ രാത്രി 10വരെ മെഡിക്കല്‍ ടീം പ്രവര്‍ത്തിക്കുമെന്നും കുത്തിയോട്ടത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് 24 മണിക്കൂറും മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തീര്‍ത്ഥാടകരെ ആറ്റുകാല്‍ എത്തിക്കാനും തീരുമാനിച്ചു.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലപ്പുറത്ത് മദ്രസയിൽ നിന്ന് വരികയായിരുന്ന 14 കാരിയെ രക്ഷിക്കാൻ ശ്രമിച്ച നിർമാണ തൊഴിലാളിക്ക് നേരെ തെരുവുനായയുടെ ആക്രമണം
കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, കണ്ടെത്തിയത് കാക്കയിൽ; വളർത്തുപക്ഷികളിൽ നിലവിൽ രോ​ഗമില്ല