
തൃശൂർ: കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ വെച്ച് ആംബുലൻസിന്റെ ചില്ല് ജാക്കി ലിവർ കൊണ്ട് അടിച്ച് പൊട്ടിക്കുകയും ഡ്രൈവറെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്‌റ്റിൽ. മേത്തല ചാലക്കുളം സ്വദേശി ഈശ്വരമംഗലത്ത് വീട്ടിൽ രഞ്ജീഷ് (44) നെയാണ് തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയിൽ മതിലകം പുതിയ കാവ് വി കെയർ ആശുപത്രിയിൽ നിന്നും മൂന്ന് വയസ്സ് പ്രായമുള്ള പെൺകുട്ടിയെയും കൊണ്ട് കൊടുങ്ങല്ലൂർ എ ആർ ആശൂപത്രിയിലേക്ക് വരികയായിരുന്ന ആംബുലൻസ് കൊടുങ്ങല്ലൂർ ചന്തപുരയിൽ വച്ച് പ്രതി ഓടിച്ചിരുന്ന ഓട്ടോ ടാക്സിയുടെ സെഡിൽ തട്ടിയിരുന്നു. ആംബുലൻസിൽ രോഗിയുള്ളതിനാൽ അവിടെ നിർത്താതെ മുന്നോട്ട് പോവുകയായിരുന്നു.
ഇതിനെ തുടർന്നുള്ള വൈരാഗ്യത്തിൽ ആംബുലൻസിനെ പിന്തുടർന്ന് വന്ന പ്രതി ആംബുലൻസിൽ നിന്നും കുട്ടിയെ ഇറക്കിയ ശേഷം ആശുപത്രിക്ക് മുന്നിൽ വച്ച് ആംബുലൻസ് ആക്രമിക്കുകയായിരുന്നു. ഓട്ടോ ടാക്സി ആംബുലസിന് മുൻവശം നിർത്തി ഓട്ടോയിൽ നിന്നും ജാക്കി ലിവർ കൊണ്ട് വന്ന് ആംബുലൻസിന്റെ മുൻ വശത്തെ ഗ്ലാസ് തല്ലി പൊട്ടിക്കുകയും ആംബുലൻസ് ഡ്രൈവറെ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബി. കെ., സബ് ഇൻസ്പെക്ടർ സാലിം കെ, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്തത്