
കോഴിക്കോട്: മികച്ച സേവനത്തിന് ഏറെ പേരുകേട്ട കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍മാരുടെ നന്മ വീണ്ടും തെളിയിച്ച് ശിവദാസന്‍. ഓട്ടോ റിക്ഷയില്‍ ദമ്തികള്‍ മറന്നുവച്ച പണം തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി. 31500 രൂപയാണ് പട്ടാമ്പി സ്വദേശികള്‍ ഓട്ടോയില്‍ മറന്നുവച്ചത്. മിഠായിത്തെരുവില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുമ്പോഴായിരുന്നു ഇത്.
പട്ടാമ്പി മുതുവല്ല സ്വദേശി പാലത്തി തൊടി സുരേന്ദ്രനും ഭാര്യയും ഉച്ചയ്ക്കാണ് പണം ഓട്ടോയിൽ മറന്നു വെച്ചത്. പണം നഷ്ടമായ വിവരം അറിഞ്ഞ ദമ്പതികള്‍ പൊലീസില്‍ ബന്ധപ്പെട്ടപ്പോഴേയ്ക്കും ശിവദാസന്‍ പണം കണ്‍ട്രോള്‍ റൂമില്‍ ഏല്‍പ്പിച്ചിരുന്നു. പിന്നീട് ഇവരാണ് പുതിയ സ്റ്റാന്‍ഡ് പരിസരത്തെ പൊലീസ് എയ്ഡ് പോസ്റ്റില്‍ വിവരമറിയിച്ചത്.
ഡ്രൈവറുടെ നന്മ മനസിലാക്കിയ പൊലീസുകാര്‍ ഓട്ടോ ഡ്രൈവർ കൊമ്മേരി സ്വദേശി ഐപ്പുറത്ത് ശിവദാസനെക്കൊണ്ട് തന്നെയാണ് പണം ദമ്പതികള്‍ക്ക് കൈമാറിയത്. കൺട്രോൾ റൂം എസ് ഐ മാരായ രാജേന്ദ്ര രാജ , അഖി, ഉണ്ണികൃഷ്ണൻ, പൊലീസുകാരായ വിജയശ്രീ , ജയേഷ്, അഭിലാഷ് ജി എസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ശിവദാസൻ സുരേന്ദ്രന് പണം തിരികെ ഏൽപ്പിച്ചത്.