
മലപ്പുറം: പുഴയിൽ ഒഴുക്കിൽപ്പെട്ട ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് രക്ഷകനായി ഓട്ടോ ഡ്രൈവറായ വിൽസൺ. സ്വന്തം ജീവൻ മറന്നാണ് ഓട്ടോ ഡ്രൈവർ ചിറക്കടവിൽ വിൽസന്‍ പുഴയിൽ ഒഴുക്കിൽപെട്ട ഒരു കുടുംബത്തിലെ മൂന്നു പേരെ രക്ഷപ്പെടുത്തിയത്. നിലമ്പൂർ രാമൻകുത്ത് സ്വദേശികളായ അമ്പത്തി രണ്ടുകാരൻ, ഇരുപത്, പതിനാറ് വയസ്സുള്ള രണ്ടു പെൺമക്കൾ എന്നിവരെയാണ് വിൽസൺ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കുതിരപ്പുഴയിൽ രാമൻകുത്ത് ചെക്ക് ഡാമിന് സമീപമായിരുന്നു അപകടം. പുഴയില്‍ കുളിക്കാനിറങ്ങി നീന്തുന്നിനിടെ പതിനാറുകാരി ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതോടെ പെണ്‍കുട്ടിയെ രക്ഷിക്കാൻ സഹോദരിയും പിന്നാലെ പിതാവും പുഴയിലേക്ക് ചാടി. എന്നാല്‍ മൂവരും ഒഴുക്കില്‍പ്പെട്ടു. ഭാര്യ ഉച്ചത്തിൽ നിലവിളിച്ചുവെങ്കിലും വിജനമായ സ്ഥലമായതിനാൽ ആരും കേട്ടില്ല. യുവതി ഓടി നൂറ്റിഅമ്പത് മീറ്റർ അകലെ വിൽസന്റെ വീട്ടിലെത്തി സഹായമഭ്യർത്ഥിക്കുകയായിരുന്നു.
Read More : കൂട്ടുകാരനൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു
ഉടൻ തന്നെ വിൽസൺ ഓടി പുഴയോരത്ത് എത്തി. അപ്പോഴേക്കും പുഴയുടെ മധ്യത്തിലുള്ള ചെക്ക് ഡാമിന്റെ ഭിത്തിയിൽ പിതാവും ഒരു മകളും പിടിച്ച് ഒഴുക്കിൽ ആടിയുലഞ്ഞു കിടക്കുന്നതാണ് കണ്ടത്. മറ്റൊന്നും നോക്കാതെ പുഴയിൽ ചാടി നീന്തിയെത്തിയ വിൽസൺ ഇരുവരെയും ചെക് ഡാമിന് മേൽ കയറ്റി ഇരുത്തി.
തുടർന്ന് താഴെ പാറക്കെട്ടിൽ പിടിച്ചു കിടന്ന പതിനാറുകാരിയെയും സുരക്ഷിത സ്ഥാനത്ത് ആക്കി. സമീപ വാസികളായ തങ്കച്ചൻ അമ്മിണി എന്നിവരുടെ സഹായത്തോടെ മൂവരെയും കരയ്ക്കെത്തിക്കുകയായിരുന്നു. സ്വന്തം ജീവൻ പോലും മറന്ന് മൂന്നു പേരുടെ ജീവൻ രക്ഷിച്ച വിൽസണ് അഭിനന്ദനമറിയിച്ച് നിരവധി പേരാണ് എത്തുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam