
ഇടുക്കി: ആനച്ചാല്‍ രണ്ടാംമൈലില്‍ ദേശിയപാതയോരത്ത് സ്വകാര്യ ഹോട്ടലിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ മോഷണം പോയി. ആനച്ചാല്‍ രണ്ടാംമൈല്‍ സ്വദേശിയായ മണിയുടെ ഓട്ടോയാണ് ദേശീയപാതയോരത്ത് നിന്ന് മോഷണം പോയത്. സമീപത്തെ വാടക വീട്ടിലാണ് മണി താമസിക്കുന്നത്. വീടിന് നൂറ് മീറ്റര്‍ മാറി ദേശീയപാതയോരത്താണ് മണി എല്ലാ ദിവസവും രാത്രിയില്‍ തന്റെ ഓട്ടോറിക്ഷ നിര്‍ത്തിയിടാറ്.
ഇന്നലെ രാത്രി 9 മണിയോടെ മണി പതിവ് പോലെ വാഹനം നിര്‍ത്തിയിട്ട് വീട്ടിലേക്ക് പോയി. രാവിലെ ഓട്ടോ സ്റ്റാന്‍ഡില്‍ നിന്ന് സുഹൃത്ത് വിളിച്ചറിയിച്ചപ്പോഴാണ് നിര്‍ത്തിയിട്ടിടത്ത് ഓട്ടോറിക്ഷയില്ലെന്ന വിവരം താനറിഞ്ഞതെന്ന് മണി പറയുന്നു. സംഭവത്തെ തുടര്‍ന്ന് മണി വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കി.
പൊലീസെത്തി വാഹനം നിര്‍ത്തിയിട്ടിരുന്നതിന് സമീപത്തെ ഹോട്ടലില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതിൽ നിന്ന് പുലര്‍ച്ചെ ഒന്നേകാലോടെ ഓട്ടോറിക്ഷ അജ്ഞാതര്‍ അടിമാലി ഭാഗത്തേക്ക് ഓടിച്ചു കൊണ്ടു പോകുന്നതിന്റെ തെളിവുകള്‍ ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. 2018ലെ പ്രളയത്തില്‍ വീട് തകര്‍ന്നതിനെ തുടര്‍ന്ന് മണിയും പെണ്‍മക്കളടങ്ങുന്ന കുടുംബവും വാടക വീട്ടിലാണിപ്പോള്‍ താമസിച്ച് പോരുന്നത്. ഏക ഉപജീവന മാര്‍ഗ്ഗമായിരുന്ന ഓട്ടോറിക്ഷ മോഷണം പോയതോടെ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് മണി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam