
ശബരിമല: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തര്‍ക്ക് ആത്മീയ നിര്‍വൃതി നല്‍കിക്കൊണ്ട്, ശബരിമല ഡ്യൂട്ടിയിലുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ച 'ഗാനാഞ്ജലി'. തീര്‍ത്ഥാടകരുടെ മനസില്‍ എന്നും ഇടംപിടിച്ച ഒരുപിടി ഭക്തിഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് ഫയര്‍ഫോഴ്സ് സംഘം സന്നിധാനത്തെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കിയത്. വിവിധ ജില്ലകളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഔദ്യോഗിക ജോലി നിറവേറ്റുന്നതിനിടയില്‍ കാഴചവച്ച കലാവിരുന്ന്, ശബരിമല ദര്‍ശനത്തിനെത്തിയ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ക്ക് പോലും പ്രത്യേക അനുഭവം സമ്മാനിച്ചു.
സന്നിധാനം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌പെഷ്യല്‍ ഓഫീസര്‍മാരായ സൂരജിന്‍റെയും അര്‍ജുന്‍ കൃഷ്ണന്‍റെയും നേതൃത്വത്തില്‍ നിലവിളക്ക് തെളിച്ചുകൊണ്ടായിരുന്നു പരിപാടി തുടങ്ങിയത്. വിവിധ യൂണിറ്റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരായ വി എസ് ലിവിന്‍സണ്‍, കെ ലിനിന്‍, എം ഷിജിത്ത്, നിഷാന്ത്, അനീഷ് എന്നിവരാണ് ഗാനങ്ങള്‍ അവതരിപ്പിച്ചത്.
അതേസമയം, ശബരിമല സന്നിധാനത്തേക്ക് അയ്യപ്പ ഭക്തരുടെ ഒഴുക്ക് തുടരുകയാണ്. തീര്‍ത്ഥാടനത്തിന്‍റെ പത്താം ദിവസമായ ചൊവ്വാഴ്ച വൈകിട്ട് ഏഴുവരെ മലചവിട്ടിയത് 71,071 ഭക്തരാണ്. രാവിലെ മുതൽ പമ്പയിൽ നിന്ന് ഇടമുറിയാതെ ഭക്തജനപ്രവാഹമായിരുന്നു. കൃത്യമായ നിയന്ത്രണങ്ങളിലൂടെ പമ്പ മുതലേ ഭക്തരെ കടത്തിവിട്ടതിനാൽ തിക്കും തിരക്കുമില്ലാതെ എല്ലാവർക്കും സന്നിധാനത്തെത്തി സുഗമമായി ദർശനം നടത്താനായി. രാവിലെ മുതൽ നടപ്പന്തലിലെ മുഴുവൻ വരികളും നിറഞ്ഞെത്തിയ ഭക്തർക്ക് ഏറെ നേരം കാത്തു നിൽക്കേണ്ടി വന്നില്ല. ഈ തീര്‍ത്ഥാടനകാലത്ത് ഇതുവരെ മലചവിട്ടിയ ഭക്തരുടെ എണ്ണം 848085 ആണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam