
വയനാട്: വൈത്തിരിയിൽ കോൺഗ്രസ് വനിത സ്ഥാനാർഥിയെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പരാതി നൽകി കോൺഗ്രസ്. കർശന നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിലും പരാതി നൽകി. ആരെയും തടയുക പാർട്ടി നിലപാടല്ലെന്ന് എൽഡിഎഫ് നേതാക്കൾ പൊലീസ് സ്റ്റേഷനിൽ ചേർന്ന യോഗത്തിൽ അറിയിച്ചു. സ്ഥാനാർഥിയെ തടഞ്ഞ തൈലക്കുന്നിൽ പാർട്ടി അനുഭാവികളായ കുടുംബങ്ങളുടെ യോഗവും സിപിഎം വിളിച്ചു ചേർത്തു. വിപ്ലവഭൂമിയാണെന്നും വീട് കയറി നിരങ്ങാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയെന്നാണ് കോൺഗ്രസിന്റെ പരാതി. സിപിഐ പ്രാദേശിക നേതാവ് രാമചന്ദ്രൻറെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥാനാർത്ഥിയെ തടഞ്ഞത്.
വൈത്തിരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് സ്ഥാനാർത്ഥി ഷൈലജ മുരുകേശനെയാണ് രാത്രി എല്‍ഡിഎഫ് പ്രവർത്തകർ തടഞ്ഞത്. തൈലക്കുന്ന് തോട്ടഭൂമിയില്‍ താമസിക്കുന്ന നാല‍്പ്പതോളം കുടുംബങ്ങളെ കണ്ട് വോട്ട് ചോദിക്കാനാത്തിയപ്പോഴായിരുന്നു സംഭവം. പ്രദേശത്തേക്ക് കടത്തിവിടാതെ തടഞ്ഞ സിപിഐ നേതാവ് രാമചന്ദ്രനും സംഘവും ഇത് വിപ്ലവഭൂമിയാണെന്നും വീട് കയറി നിരങ്ങാൻ യുഡിഎഫ് നേതാക്കളെ വിടില്ലെന്നും ഭീഷണി മുഴക്കി. ജനാധിപത്യപരമായ അവകാശത്തെയാണ് എൽഡിഎഫ് നേതാക്കള്‍ ഇല്ലായ്മ ചെയ്യുന്നതെന്നും തോല്‍വി ഭയന്നാണ് ഭീഷണിയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. ഭീഷണിയെ തുടർന്ന് ഷൈലജ മുരുകേശനും പ്രവർത്തകരും കഴിഞ്ഞ ദിവസം തൈലക്കുന്നില്‍ നിന്ന് വോട്ട് ചോദിക്കാനാകാതെ മടങ്ങിയിരുന്നു.