
ചേര്‍ത്തല: പിഞ്ചുകുഞ്ഞിനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പതിനഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിന്‍റെയും ആതിരയുടെയും മകള്‍ ആദിഷയാണ് മരിച്ചത്.
വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയെ ചലനമില്ലാത്ത സാഹചര്യത്തില്‍ കണ്ടെത്തിയെന്നാണ് ആശുപത്രിയില്‍ എത്തിച്ചവർ അറിയിച്ചത്. ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്നാണ് കുട്ടിയേ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവന്നത്. എന്നാല്‍ ആശുപത്രിയിലെത്തുമ്പോള്‍ കുട്ടി മരിച്ചിരുന്നു. മരണത്തില്‍ ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പട്ടണക്കാട് പൊലീസെത്തി വിശദമായ പരിശോധന നടത്തി.
പോലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ചുണ്ടിലെ ഒരു പാടൊഴികെ കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ല. ഞായറാഴ്ച വണ്ടാനത്ത് പൊലീസ് സര്‍ജ്ജന്‍റെ സാന്നിധ്യത്തില്‍ മൃതദേഹപരിശോധന നടത്തിയാല്‍ മാത്രമേ മരണകാരണം അറിയാനാകുകയുള്ളൂ.
പട്ടണക്കാട് പോലീസ് കുട്ടിയുടെ വീടിന്‍റെ പരിസരത്തും വിശദമായ അന്വേഷണം നടത്തി. ഉച്ചവരെ കോളനിയില്‍ ഓടികളിച്ചിരുന്ന കുട്ടിയെയാണ് ഒന്നരയോടെ ചലനമറ്റനിലയില്‍ കണ്ടെത്തിയത്. വീട്ടിലെ സാഹചര്യങ്ങളും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹ പരിശോധനാഫലം ലഭ്യമായാലേ കൂടുതല്‍ അന്വേഷണം നടത്താനാകുകയുള്ളൂവെന്ന് പട്ടണക്കാട് എസ് ഐ അമൃതഘോഷ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam