
തിരുവനന്തപുരം: ബാലരാമപുരത്തെ ഈ ബാർബർ ഷോപ്പിലേക്കു പോകുമ്പോൾ ടവ്വൽ കൊണ്ടു പോകേണ്ടതില്ല. പഴയ പോലെ കൈയ്യും വീശി പോയാൽ മതി. തികച്ചും സുരക്ഷിതമായി തലമുടി വെട്ടി ഷേവും ചെയ്ത് മടങ്ങാം. അടച്ചുപൂട്ടൽ കാലത്തെ സുരക്ഷിത ക്ഷൗരത്തിനും തലമുടി വെട്ടിനും അവസരമൊരുക്കിയിരിക്കുകയാണ് ബാലരാമപുരത്തെ ഹെയർ ടച്ച് ബ്യൂട്ടി പാർലർ. ഉപഭോക്താക്കൾക്ക് സാനിട്ടൈസർ നൽകി ആദ്യം കൈവൃത്തിയാക്കും. കട്ടിംഗ് ചെയറിൽ കയറുന്നതിന് മുമ്പ് മുഖാവരണവും കൈയുറയും ധരിച്ചിട്ടുണ്ടോയെന്ന് നോക്കും. ഇല്ലെങ്കിൽ ഉടമ തന്നെ അവ നൽകും.
ശരീരാവരണമായി ടവ്വലിന് പകരം ന്യൂസ് പേപ്പർ കുപ്പായമണിയിക്കും .വായിച്ചു കഴിഞ്ഞ പഴയ ന്യൂസ് പേപ്പറുകളുപയോഗിച്ചാണ് കുപ്പായങ്ങൾ നിർമിച്ചിരിക്കുന്നത്. ഉപഭോക്താക്കൾ മാത്രമല്ല, കടയുടമയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് മുടിവെട്ടുന്നത്. പണി സാമഗ്രികൾ ഇടയ്ക്കിടെ അണുവിമുക്തമാക്കാൻ ഇൻഡക്ഷൻ കുക്കർ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഒരാളെ മാത്രമേ ഒരു സമയം കടയ്ക്കുള്ളിൽ പ്രവേശിപ്പിക്കൂ. ഇതിനായി വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ഉപഭോക്താവ് ഷോപ്പിലെത്തേണ്ട സമയം അറിയിക്കും. സർക്കാർ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് കൊവിഡ് പ്രതിരോധം സാധ്യമാക്കിയാണ് മിക്കയിടത്തും അടച്ചുപൂട്ടൽ കാലത്ത് ഷോപ്പുകൾ പ്രവർത്തിക്കുന്നതെന്ന് ഹെയർ ടച്ച് ബ്യൂട്ടി പാർലർ ഉടമ എച്ച്.ഹംസാദ്
പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam