
കൊല്ലം: ബാങ്കിൽ വെച്ച് മിഠായി തൊണ്ടയിൽ കുടുങ്ങി ശ്വാസം നിലച്ച എൽകെജി വിദ്യാർഥിയുടെ ജീവൻ രക്ഷിച്ച് ബാങ്ക് മാനേജർ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അയത്തിൽ ബ്രാഞ്ച് മാനേജർ നല്ലില കുഴിമതിക്കാട് ആയുഷ് ലാൻഡിൽ ടി.എ പ്രിജിയാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്. അയത്തിൽ സ്വദേശികളായ നിസാമിന്റെയും നസീമയുടെയും മകൾ എൽകെജി വിദ്യാർഥി സനു ഫാത്തിമയുടെ(5) തൊണ്ടയിലാണ് മിഠായി കുടുങ്ങിയത്. ഇക്കഴിഞ്ഞ 13ന് ഉച്ചയ്ക്ക് 1.30നാണ് കുട്ടി മാതാവിനൊപ്പം ബാങ്കിൽ എത്തിയത്. അമ്മ ബാങ്കിടപാട് നടത്തുന്നതിനിടെ കസേരയിൽ ഇരിക്കുകയായിരുന്ന കുട്ടിയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു.
അമ്മ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കുട്ടിയുടെ സ്ഥിതി കൂടുതൽ വഷളാവുകയും ചെയ്തു. കണ്ണുകൾ തള്ളി ശ്വാസം നിലച്ച അവസ്ഥയിലായി. ഈ സമയം കാബിനിൽ ഇരിക്കുകയായിരുന്ന മാനേജർ പ്രിജി ഓടിയെത്തുകയായിരുന്നു. കുട്ടിയെ തലകീഴായി കമഴ്ത്തി നിർത്തി ഒരു കൈ കൊണ്ട് അമർത്തുകയും മറ്റൊരു കൈകൊണ്ട് മുതുകിൽ തട്ടി. പെട്ടെന്ന് കുട്ടിയുടെ വായിൽ നിന്ന് മിഠായി തെറിച്ചു വീഴുകയും ഛർദിക്കുകയും ചെയ്തു. തുടർന്ന് കുട്ടി ശ്വാസം എടുത്തു. അൽപ നേരം ബാങ്കിൽ തന്നെ വിശ്രമിച്ച ശേഷമാണ് അമ്മയ്ക്കൊപ്പം കുട്ടി തിരികെ വീട്ടിലേക്ക് മടങ്ങിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam