അഭിഭാഷകരും കൃഷിയിലേക്ക്, ആലപ്പുഴയിലെ തരിശുപാടത്ത് നെല്ല് വിതച്ച് ബാ‍ർ അസോസിയേഷൻ

By Web TeamFirst Published Apr 29, 2022, 9:46 AM IST
Highlights

ഓണത്തിന് വാർഡിലെ മുഴുവൻ വീടുകളിലും, ചേർത്തല കോടതിയിലെ മുഴുവൻ അഭിഭാഷകർക്കും ആവശ്യമായ അരി കിട്ടുന്ന രീതിയിലാണ് കൃഷി ഇറക്കിയിരിക്കുന്നത്...

ആലപ്പുഴ: ഞങ്ങളും കൃഷിയിലേക്ക് എന്ന സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി സംയുക്ത നെൽകൃഷിയുമായി മുഹമ്മ പഞ്ചായത്ത് വാർഡ് 12 ലെ കൃഷി വികസന സമിതിയും, ചേർത്തല ബാർ അസോസിയേഷനും. വാർഡിലെ ആറ് ഏക്കർ വരുന്ന തരിശ് പാടത്താണ് നെൽകൃഷി നടത്തുന്നത്. നെൽ വിതയ്ക്കൽ ഉദ്ഘാടനം ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജ് എ ഇജാസ് നിർവഹിച്ചു. 

ഓണത്തിന് വാർഡിലെ മുഴുവൻ വീടുകളിലും, ചേർത്തല കോടതിയിലെ മുഴുവൻ അഭിഭാഷകർക്കും ആവശ്യമായ അരി കിട്ടുന്ന രീതിയിലാണ് കൃഷി ഇറക്കിയിരിക്കുന്നത്. സംസ്ഥാനത്ത് തന്നെ അഭിഭാഷകർ ആദ്യമായാണ് ഇത്തരത്തിൽ നെൽകൃഷി നടത്തുന്നത്. വാർഡിൽ തരിശ് കിടക്കുന്ന മുഴുവൻ നെൽ പടങ്ങളിലും കൃഷി നടത്തി ഓണത്തിന് വേണ്ട മുഴുവൻ അരിയും വാർഡിൽ തന്നെ ഉൽപ്പാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് വാർഡ് അംഗം ലതീഷ് ബി ചന്ദ്രൻ പറഞ്ഞു.

ചടങ്ങിൽ ചേർത്തല ബാർ അസോസിയേഷൻ പ്രസിഡന്റ് ആർ പ്രമോദ് അധ്യക്ഷനായിരുന്നു. സബ് ജഡ്ജ് ലീന റഷീദ്, ചേർത്തല ജൂഡീഷ്യൽ മജിസ്ട്രേറ്റുമാരായ ജോജി തോമസ്, അക്ഷയ പി ആർ, സാവിത്രി വി, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി ഡി വിശ്വനാഥൻ, കൃഷി ഓഫിസർ കൃഷ്ണ പി എം, ശ്രീജിത്ത് സുകുമാരൻ, കെ കെ അപ്പച്ചൻ, മെഡിക്കൽ ഓഫിസർ ഡോ. ജയന്തിഎന്നിവർ സംസാരിച്ചു. ലതീഷ് ബി ചന്ദ്രൻ സ്വാഗതവും, ബാർ അസോസിയേഷൻ സെക്രട്ടറി പി സുധീർ നന്ദിയും പറഞ്ഞു.

click me!