
സുല്‍ത്താന്‍ ബത്തേരി: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഫര്‍ണിച്ചറുകള്‍ക്കും ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കുമൊക്കെ ചെറിയ തകരാര്‍ സംഭവിച്ചാല്‍ പോലും അത് പരിഹരിക്കാതെ പുതിയവ വാങ്ങി പണം പാഴാക്കുന്നതാണ് നാട്ടുനടപ്പ്. എന്നാല്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ഥികളും അധ്യാപകരും മുന്നിട്ടിറങ്ങിയപ്പോഴിതാ കഥ മറ്റൊന്നായിരിക്കുന്നു. ബത്തേരി താലൂക്ക് ആയൂര്‍വേദ ആശുപത്രിയിലെ തകരാറിലായ ഉപകരങ്ങളും മറ്റും കേടുപാട് തീര്‍ത്താണ് ടെക്‌നിക്കല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മാതൃകയായിരിക്കുന്നത്.
രോഗികള്‍ക്കായുള്ള സ്‌ട്രെച്ചര്‍, ചക്രകേസര, കട്ടില്‍, എണ്ണപ്പാത്തി തുടങ്ങി കെട്ടിടത്തിലെ കേടുവന്നു കിടന്ന വയറിങ് വരെ കുട്ടികളും അധ്യാപകരും ഒരുമിച്ച് ചേര്‍ന്ന് നേരെയാക്കി നല്‍കി. തങ്ങളുടെ ഉദ്യമത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ തന്നെ ആശുപത്രി അധികൃതര്‍ക്ക് പൂര്‍ണ സമ്മതമായിരുന്നുവെന്ന് സ്‌കൂള്‍ മേധാവി അബ്ദുല്‍ ഷെരീഫ് പറഞ്ഞു. സ്‌കൂളിലെ ഇരുപതോളം കുട്ടികളും പത്ത് അധ്യാപകരുമാണ് 'കൂടെയുണ്ട് ഞങ്ങളും' എന്ന പരിപാടിയുടെ ഭാഗമായി സേവന സന്നദ്ധരായി എത്തിയത്. കാലൊടിഞ്ഞ കട്ടിലുകളും സ്ട്രച്ചറുമൊക്കെ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ തന്നെ വെല്‍ഡ് ചെയ്ത് നന്നാക്കി. തുരുമ്പെടുത്ത് മൂലക്ക് കൂട്ടിയിരുന്ന നിരവധി കസേരകള്‍ പേയ്ന്റടിച്ച് പുത്തന്‍ പോലെയാക്കി. കെട്ടിടത്തിന്റെ വയറിങ്ങ് പലയിടത്തും തകരാര്‍ സംഭവിച്ച അവസ്ഥയിലായിരുന്നു. ഇവയെല്ലാം അഴിച്ച് തകരാര്‍ പരിഹരിച്ചതിന് ശേഷം ഫിറ്റ് ചെയ്തു.
വെല്‍ഡിങ്, വയറിങ്ങ്, പെയിന്റിങ് എന്നിവക്കാവശ്യമായ ഉപകരണങ്ങളുമായാണ് വിദ്യാര്‍ഥികള്‍ എത്തിയത്. പരിചയസമ്പന്നരായ അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശങ്ങള്‍ കൊടുത്തു. സ്‌കൂളില്‍ പഠിക്കുന്ന കാര്യങ്ങള്‍ പ്രായോഗികമാക്കാന്‍ ലഭിച്ച അവസം കുട്ടികള്‍ നന്നായി ഉപയോഗിച്ചു. തങ്ങള്‍ക്ക് ഇത് വേറിട്ട അനുഭവമായിരുന്നുവെന്നും നിരവധി നിര്‍ധന രോഗികള്‍ എത്തുന്ന ആശുപത്രിയിലെ ഉപകരണങ്ങള്‍ തന്നെ ഇത്തരത്തില്‍ കേടുപാട് തീര്‍ത്ത് നല്‍കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ടെന്നും കുട്ടികള്‍ പ്രതികരിച്ചു. അക്കാദമിക് മേധാവി പി.എ. ജോണ്‍സണ്‍, ശ്യാംകുമാര്‍, അനീഷ്, ജലീല്‍, വിജേഷ്, ഗഫൂര്‍, ബാബു, പി.ടി.എ പ്രസിഡന്റ് അലവി എന്നിവരും വിദ്യാര്‍ഥികളെ സഹായിക്കാനെത്തിയിരുന്നു. ടൗണില്‍ തന്നെയുള്ള ബത്തേരി താലൂക്ക് ആശുപത്രിയിലെ ഉപകരണങ്ങളും ഫര്‍ണിച്ചറുകള്‍ നേരെയാക്കി എടുക്കാനുള്ള ക്യമ്പ് കൂടി ആലോചിക്കുന്നതായി സ്‌കൂള്‍ അധികൃതർ പറയുന്നു. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലായി ആകെ 300 വിദ്യാര്‍ത്ഥികളാണ് ബത്തേരി ഗവണ്‍മെന്റ് ടെക്‌നിക് സ്‌കൂളില്‍ പഠിക്കുന്നത്.
Read Also; ഭിന്നശേഷിക്കാരിയായ ദളിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ പിടികൂടാനാകാതെ പൊലീസ്