
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ ചിറയിൻകീഴിൽ മദ്യപിക്കാൻ പണം ആവശ്യപ്പെട്ടിട്ട് കൊടുക്കാത്തതിന്‍റെ വൈരാഗ്യത്തിൽ അമ്മയെ ചവിട്ടിക്കൊന്ന കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. മകനായ പ്രതിക്ക് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പടനിലം സ്വദേശി ഗോപകുമാറിനാണ് ശിക്ഷ വിധിച്ചത്. പിഴ തുക കെട്ടിവച്ചില്ലങ്കിൽ രണ്ടു വർഷം അധികം തടവ് ശിക്ഷ അനുഭവിക്കണം എന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.
തിരുവനന്തപുരം ഏഴാം അഡീഷനൽ സെഷൻസ് ജഡ്ജി പ്രസൂൺ മോഹന്‍റേതാണ് ഉത്തരവ്. 2012 മാർച്ച് അഞ്ചിനായിരുന്നു സുകുമാരി അമ്മയെ മകൻ ഗോപകുമാര്‍ ചവിട്ടിക്കൊന്നത്. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയെ തെളിവുകളുടെയും അയൽവാസികളുടെയും മൊഴികളടെയും അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞതോടെയാണ് പ്രതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
അതേസമയം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത മംഗലപുരത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന് പോക്സോ കേസിൽ അറസ്റ്റിലായി എന്നതാണ്. സി പി എം കണിയാപുരം ലോക്കൽ കമ്മിറ്റിക്കു കീഴിലെ കല്ലിങ്കര ബ്രാഞ്ച് സെക്രട്ടറി ഷമീറിനെ (50) യാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയെ മാസങ്ങളായി ഇയാൾ പീഡിപ്പിച്ചു വരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പീഡനം സഹിക്കാൻ വയ്യാതായതോടെ പെൺകുട്ടി അധ്യാപകരോട് വിവരം പറയുകയായിരുന്നു. അധ്യാപകർ അറിയിച്ചതിനെ തുടർന്ന് സി ഡബ്ല്യു സി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് മംഗലപുരം പൊലീസിന് കൈമാറുകയായിരുന്നു. മംഗലപുരം പൊലീസ് ഷമീറിനെ ഇന്ന് രാവിലെ അറസ്റ്റു ചെയ്യുകയായിരുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പെൺകുട്ടി പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ ഓഫീസ് ജീവനക്കാരനാണ് ഇയാൾ. സ്കൂളിലെ ലാബിൽവച്ചും മറ്റുമാണ് ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത് എന്ന് പൊലീസ് പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam