
സുല്‍ത്താന്‍ബത്തേരി: ഇത് രണ്ടാം തവണയാണ് വേനല്‍മഴയോടൊപ്പമെത്തിയ കാറ്റ് ബത്തേരിയുടെ 'ഐക്കണ്‍' വീഴ്ത്തുന്നത്. എന്നാല്‍ രണ്ടാംതവണയും ഉയിര്‍ത്തേഴുന്നേറ്റ കഥയാണ് ബത്തേരിക്ക് പറയാനുള്ളത്. നഗരത്തിലെത്തുന്നവന്റെ മനസില്‍ കേറിയിരിക്കുന്ന പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ബോഗണ്‍വില്ല കഴിഞ്ഞ ദിവസത്തെ കാറ്റില്‍ നിലംപതിക്കുകയായിരുന്നു. പക്ഷേ മണിക്കൂറുകള്‍ക്കകം തന്നെ ചെയര്‍മാന്‍ രമേശിന്റെ നേതൃത്വത്തില്‍ നഗരസഭ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പൂമരത്തെ പിടിച്ചുയര്‍ത്തി നേരെ നിര്‍ത്തി. അങ്ങനെ പൂച്ചെടികളുടെ നഗരമായ സുല്‍ത്താന്‍ ബത്തേരിയുടെ ഐക്കണ്‍ ആയി മാറിയ ബോഗണ്‍വില്ല നഗരത്തിലെത്തുന്നവര്‍ക്ക് വീണ്ടും തണലൊരുക്കാനൊരുങ്ങുകയാണ്.
പഴയ ബസ്റ്റാന്റിന് സമീപത്തെ ട്രാഫിക് ജംങ്ഷനില്‍ നിറയെ പൂക്കളുമായി നിന്നിരുന്ന പൂമരം ബുധനാഴ്ച വൈകീട്ട് മുന്നുമണിയോടെ ഉണ്ടായ കനത്ത മഴയിലും കാറ്റിലുമാണ് നിലംപതിച്ചത്. ബോഗണ്‍വില്ല വല്ലികള്‍ക്ക് താങ്ങായി സ്ഥാപിച്ച ഇരുമ്പ് പൈപ്പ് പൊട്ടിയതായിരുന്നു കാരണം. മരം വീണെങ്കിലും കനത്ത മഴയായതിനാല്‍ അരമണിക്കൂറിന് ശേഷമാണ് ഉയര്‍ത്തുന്ന പ്രവൃത്തി തുടങ്ങാനായത്. ആദ്യം പടര്‍ന്നുപന്തലിച്ച പൂമരത്തിന്റെ പൂക്കളടങ്ങിയ വള്ളികള്‍ മുറിച്ചുമാറ്റി ഭാരം കുറച്ചു. ഇതിനിടെ ഇരുമ്പ് പൈപ്പ് പൂര്‍വസ്ഥിതിയിലാക്കി. പിന്നീട് വെട്ടിയൊതുക്കിയ പൂമരം മണ്ണുമാന്തി ഉപയോഗിച്ച് ഉയര്‍ത്തി അപ്പോഴേക്കും വെട്ടിയിട്ട പൂമരവള്ളികള്‍ നഗരസഭ ജീവനക്കാര്‍ വാഹനത്തില്‍ കയറ്റി സ്ഥലത്ത് നിന്ന് മാറ്റി. അങ്ങനെ ആറുമണിയോടെ പൂമരം പൂര്‍ണമായും ഉയര്‍ത്തി.
പൂമരം ഉയര്‍ത്തുന്ന ജോലി തുടങ്ങിയത് മുതല്‍ പൊലീസ് സ്റ്റേഷന്‍ റോഡ് വഴിയുള്ള വാഹനഗതാഗതം നിര്‍ത്തി. പൂമരത്തറയോട് തൊട്ടുചാരി കടന്നുപോകുന്ന ദേശീയപാതയിലെ ഗതാഗതത്തിന് തടസ്സമുണ്ടായിരുന്നില്ല. വൃത്തിയുടെയും പൂക്കളുടെയും നഗരമെന്ന നിലക്ക് 'ഹാപ്പി ഹാപ്പി' ബത്തേരി പദ്ധതിയുടെ ഭാഗമായി കൂടിയാണ് പൂമരം സംരക്ഷിച്ചു വരുന്നത്. ജംങ്ഷനിലെ ട്രാഫിക് സിഗ്നല്‍ കാലില്‍ ചുറ്റിവളര്‍ന്ന് പന്തലിച്ച വള്ളികളില്‍ നിറയെ പൂക്കളായിരുന്നു.
2022-ലും വേനല്‍മഴയിലും കാറ്റിലും പൂമരം നിലം പതിച്ചിരുന്നു. അന്നും നഗരത്തിലെ വ്യാപാരികളും ഡ്രൈവര്‍മാരും നഗരസഭ തൊഴിലാളികളും ചേര്‍ന്ന് പൂമരത്തെ ഉയര്‍ത്തുകയായിരുന്നു. വള്ളികളെല്ലാം വെട്ടിയൊതുക്കി സമാന രീതിയില്‍ തന്നെയാണ് അന്ന് സംരക്ഷിച്ച് പോന്നത്. പൂക്കള്‍ തിങ്ങി നില്‍ക്കുന്ന മനോഹര കാഴ്ച്ചക്ക് പുറമെ ഇവിടെ നിന്ന് ഗതാഗതം നിയന്ത്രിക്കുന്ന പോലീസുകാര്‍ക്കും ക്ഷീണിച്ചെത്തുന്ന കാല്‍നടയാത്രക്കാര്‍ക്കും തണലൊരുക്കിയിരുന്നതും പൂമരമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam