
ഇടുക്കി: വിഷുവെത്തും മുമ്പേ ഹൈറേഞ്ചിലെങ്ങും കണിക്കൊന്നകൾ പൂത്തുലഞ്ഞു. കാലാവസ്ഥ വ്യതിയാനമാണ് പൂക്കൾ കാലംതെറ്റി വിരിയാൻ കാരണമെന്നാണ് പഴമക്കാർ പറയുന്നത്. കണിവെള്ളരി ക്കൊപ്പം കൊന്നപൂക്കൾ അലങ്കരിച്ചു കണ്ണനെ കണി കാണുവാൻ കഴിയുമോയെന്നാണ് ഹൈറേഞ്ച് നിവാസികളുടെ ചിന്ത. കത്തിയമരുന്ന മീനചൂടിൽ വഴിയരികിൽ പൂത്ത് നിൽക്കുന്ന കണിക്കൊന്നകൾ മനംമയക്കുന്ന കാഴ്ചയാണെങ്കിലും വിഷുവെത്താൻ ഇനിയും ദിവസങ്ങൾ ബാക്കിയാണ്. പ്രളയാനന്തര ഫലമായി കേരളത്തിലെ കാലാവസ്ഥയിലുണ്ടായ വലിയ മാറ്റത്തിന് ഉദാഹരണമാണ് കാലംതെറ്റി പൂക്കുന്ന കണിക്കൊന്നകൾ എന്നാണ് വിദഗ്‌ധാഭിപ്രായം.
പലയിടത്തും പൊഴിഞ്ഞ് തുടങ്ങി
പലയിടങ്ങളിലും മാർച്ച് അവസാനത്തോടെ പൂക്കൾ കൊഴിഞ്ഞു തുടങ്ങുവാനാണ് സാധ്യത. ഫെബ്രുവരി അവസാനവാരം മുതൽ ഹൈറേഞ്ചിൽ കണിക്കൊന്നകൾ പൂവിട്ടു തുടങ്ങിയിരുന്നു. വേനൽ മഴ പെയ്താലും പൂക്കൾ ചീഞ്ഞു തുടങ്ങും. കണിക്കൊന്നയുടെ ലഭ്യത കുറഞ്ഞതോടെ ഒരു പിടി പൂവിനു 25 രൂപ വരെയാണ് വിഷുക്കാലത്തെ വിപണി വില. ഇതിനിടെ പ്ലാസ്റ്റിക് കൊന്നപൂക്കളും വിപണിയിൽ സജീവമായതോടെ കാണിക്കൊന്നയ്ക്ക് ആവശ്യക്കാരും കുറഞ്ഞിട്ടുണ്ട്.
മുൻ വർഷങ്ങളിൽ വന മേഖലകളിൽ നിന്നും സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിൽ നിന്നും വൻതോതിൽ കണിക്കൊന്ന പൂക്കൾ പറിച്ച് വഴിയോരങ്ങളിലും ടൗണുകളിലും എത്തിച്ച് വില്പ്പന നടത്തുന്നവർ സജീവമായിരുന്നു. ചെറിയൊരു കെട്ടിന് വൻ തുകയാണ് ഇവർ വാങ്ങിയിരുന്നത്. ഇത്തവണ പൂക്കളുടെ ലഭ്യത കുറവ് കൂടി വരുമ്പോൾ കണിക്കൊന്ന കച്ചവടം പൊടിപൊടിക്കുമെന്നുറപ്പാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam