
കണ്ണൂര്‍: കണ്ണൂരില്‍ ഓണ്‍ലൈനായി പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്. രണ്ടു ലക്ഷം രൂപ മുതല്‍ 35 ലക്ഷം രൂപ വരെ പലര്‍ക്കും നഷ്ടമായി. തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ളവരെന്ന് സംശയിക്കുന്നതായി സൈബര്‍ പൊലീസ് പറയുന്നു. കഴിഞ്ഞ മാസം ഇതേ രീതിയില്‍ തട്ടിപ്പിനിരയായ യുവതി കടബാധ്യതയെത്തുടര്‍ന്ന് കടലില്‍ ചാടി ജീവനൊടുക്കിയിരുന്നു.
കണ്ണൂര്‍ സ്വദേശിയായ യുവാവിന് വാട്സാപിലൂടെ ആദ്യം എത്തിയത് പാര്‍ട് ടൈം ജോലി ആവശ്യമുണ്ടോയെന്ന ചോദ്യം. താൽപര്യമുണ്ടെന്ന് പറഞ്ഞതോടെ യൂട്യൂബ് ചാനല്‍ ലൈക് ചെയ്താല്‍ അമ്പത് രൂപ കിട്ടുമെന്നായിരുന്നു വാഗ്ദാനം. ലൈക് ചെയ്തതിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതം മെസേജ് വാട്സാപില്‍ അയച്ചതിനു പിന്നാലെ പണം അക്കൗണ്ടില്‍ കയറി. പിന്നീട് പതിനായിരം രൂപ നല്‍കിയാല്‍ പതിനയ്യായിരം രൂപ വരെ തിരികെ കിട്ടുമെന്നായി വാഗ്ദാനം. ഇതും പാലിക്കപ്പെട്ടതോടെ ഈ സംഘത്തില്‍ വിശ്വാസമായി. പിന്നാലെ വന്‍ ലാഭമുണ്ടാക്കുന്ന അംഗങ്ങള്‍ക്കൊപ്പം ചേര്‍ക്കാമെന്ന് പറഞ്ഞാണ് ടെലിഗ്രാം ഗ്രൂപ്പിലേക്ക് ആഡ് ചെയ്തത്. ക്രിപ്റ്റോ കറന്‍സി ഇടപാടാണെന്നായിരുന്നു പറഞ്ഞ് പണം വാങ്ങി.
ലാഭവിഹിതമുള്‍പ്പെടെ നല്‍കാന്‍ നികുതി നല്‍കണമെന്നാവശ്യപ്പെട്ടു. രണ്ടാഴ്ച കൊണ്ട് മുപ്പത് ലക്ഷത്തോളം രൂപ നഷ്ടമായതോടെയാണ് സംഭവം തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. ബാങ്കില്‍ നിന്നും ലോണെടുത്ത് നല്‍കിയ തുകയാണ് നഷ്ടമായത്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥർ മുതല്‍ വീട്ടമ്മമാരുടെ പണം വരെ ഇങ്ങനെ തട്ടി. എട്ടു പരാതികള്‍ ഇന്നലെ മാത്രം സൈബര്‍ പൊലീസിന് ലഭിച്ചു. നൂറു കണക്കിന് ആളുകള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിലും പലരും പരാതിപ്പെടാന്‍ തയ്യാറായിട്ടില്ല. ഉത്തരേന്ത്യ കേന്ദീകരിച്ചുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam