
മലപ്പുറം: പാണക്കാട് കൊടപ്പനയ്ക്കൽ തറവാടിനും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ വീടിനും സമീപം പതിറ്റാണ്ടുകളായി ഭീഷണിയായി നിലനിന്നിരുന്ന മലപ്പുറത്തെ ഏറ്റവും വലിയ മാലിന്യക്കൂനയ്ക്ക് ശാപമോക്ഷം. നാലര ഏക്കറിൽ 85,473 മെട്രിക് ടൺ മാലിന്യം കുമിഞ്ഞുകൂടിക്കിടന്നിരുന്ന പുളിയേറ്റുമ്മൽ ട്രഞ്ചിംഗ് ഗ്രൗണ്ട് ബയോ മൈനിങ്ങിലൂടെ പൂർണമായി നീക്കം ചെയ്ത് നാടിന് സമർപ്പിച്ചു. ഒരിക്കൽ ദുർഗന്ധം മൂലം മൂക്കുപൊത്തി മാത്രം നടക്കാൻ കഴിഞ്ഞിരുന്ന പ്രദേശം കളിസ്ഥലമായി മാറിയതോടെ, അതിന്‍റെ ഉദ്ഘാടനവും ആഘോഷമായി മാറി. മന്ത്രി എം ബി രാജേഷ് ആണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
ചടങ്ങിൽ മാലിന്യം നീക്കം ചെയ്ത ഭൂമിയിൽ ഫുട്ബോൾ പോസ്റ്റ് സ്ഥാപിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷാണ് കിക്കോഫ് നിർവഹിച്ചത്. മലപ്പുറം എംഎൽഎ ടി വി ഇബ്രാഹിം ഗോളിയായി നിന്നപ്പോൾ മന്ത്രിയുടെ കിക്ക് വലയിലെത്തി. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ ഉൾപ്പെടെയുള്ളവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. 'തന്‍റെ വീടും പാണക്കാട് തറവാടും ഇതിന് തൊട്ടടുത്താണ്. ഈ സ്ഥലം മാലിന്യം നീക്കം ചെയ്ത് വൃത്തിയാക്കിയതിൽ ഏറ്റവും സന്തോഷിക്കുന്നവരിൽ ഒരാളാണ് താൻ' എന്ന് പി കെ കുഞ്ഞാലിക്കുട്ടി മന്ത്രിയുമായി സന്തോഷം പങ്കുവെച്ചു.
കേരളത്തിലെ ശുചിത്വ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റത്തിന്‍റെ മറ്റൊരു മികച്ച ഉദാഹരണമാണ് പുളിയേറ്റുമ്മൽ ട്രഞ്ചിംഗ് ഗ്രൗണ്ട് വീണ്ടെടുത്ത് നാടിന് സമർപ്പിച്ചത്. 110 പുളിയേറ്റുമ്മൽ ട്രഞ്ചിംഗ് ഗ്രൗണ്ട് ചേർന്നത്ര മാലിന്യമാണ് കൊച്ചി ബ്രഹ്മപുരത്ത് ഉണ്ടായിരുന്നത്. അതും ഏറെക്കുറെ പൂർണമായി നീക്കം ചെയ്തതായും മന്ത്രി അറിയിച്ചു. കുരീപ്പുഴ, ലാലൂർ, ചൂൽപ്പുറം ഉൾപ്പെടെ കേരളത്തിലെ കുപ്രസിദ്ധമായ 25 ഡംപ്സൈറ്റുകൾ ഇന്ന് ഇല്ലാതായി. ബ്രഹ്മപുരം ഉൾപ്പെടെയുള്ള മറ്റ് കേന്ദ്രങ്ങളിലും പ്രവൃത്തി പുരോഗമിക്കുകയാണ്.
ശുചിത്വ പ്രവർത്തനങ്ങൾക്ക് എല്ലാ ഘട്ടങ്ങളിലും കക്ഷിരാഷ്ട്രീയം നോക്കാതെ പിന്തുണ നൽകിയ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ഈ പ്രവൃത്തി പൂർത്തിയാക്കിയ കെ.എസ്.ഡബ്ല്യു.എം.പിക്കും സർക്കാരിനൊപ്പം സഹകരിച്ച മലപ്പുറം നഗരസഭയ്ക്കും അദ്ദേഹം അഭിനന്ദനം അറിയിച്ചു. മാലിന്യമുക്തം നവകേരളത്തിനായുള്ള സർക്കാർ പരിശ്രമങ്ങൾ കൂടുതൽ ഊർജിതമായി തുടരുമെന്ന് മന്ത്രി എം ബി രാജേഷ് പ്രഖ്യാപിച്ചു.