
കുഴൽമന്നം: പാലക്കാട് കുഴൽമന്നത്ത് ബൈക്കിലെത്തി വൃദ്ധയുടെ മാല പൊട്ടിച്ചു. പിന്തുടർന്നയാളിന് മേൽ മുളകുപൊടി വിതറിയാണ് പ്രതികൾ രക്ഷപ്പെട്ടത്. ഇന്നലെ വൈകീട്ട് 3 ഓടെയാണ് സംഭവം. കുഴൽമന്നം കൂത്തനൂർ സ്വദേശി അമ്മിണിയമ്മയുടെ(79) മൂന്നു പവൻ വരുന്ന മാലയാണ് കവർന്നത്. റോഡരിയിൽ നിൽക്കുമ്പോഴാണ് സംഭവം. ബൈക്കിൽ എത്തിയ രണ്ട് യുവാക്കളിൽ ഒരാൾ ഇറങ്ങി വന്നു മാല പൊട്ടിക്കുകയായിരുന്നു. വയോധികയെ തള്ളിയിട്ടാണ് യുവാക്കൾ മാലയുമായി കടന്നത്. പരിസരവാസികൾ പിന്തുടർന്നെങ്കിലും മുളകുപൊടി വിതറി പ്രതികൾ കടന്നു കളഞ്ഞു. കുഴൽമന്നം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം