
പത്തനംതിട്ട : ശക്തമായ മഴയെ തുടര്‍ന്ന് പലരും വീട് വിട്ട് ദുരിതാശ്വാസ ക്യാംപുകളിലാണ്. തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട മുഹൂര്‍ത്തങ്ങൾ ഈ ക്യാംപ് ജീവിതത്തിലാണ് പലരും അറിയാതെ പറയാതെ ആഘോഷിക്കുന്നത്. എന്നാൽ കുട്ടികളുടെ സന്തോഷങ്ങൾ ആഘോഷിക്കുന്നത് കണ്ട് നിൽക്കുന്നവര്‍ക്കും ആനന്ദമാണ്. കഴിഞ്ഞ ദിവസം തിരുവല്ല തിരുമൂലപുരം സെന്റ് തോമസ് സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ സന്തോഷം നിറച്ചത് രണ്ട് കുട്ടികളുടെ പിറന്നാളാഘോഷമാണ്.
രാവിലെ ക്യാംപിൽ ഡ്യൂട്ടിക്കെത്തിയ എ ആര്‍ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥന് മുന്നിലേക്ക് ഒരു കുഞ്ഞിക്കൈ നീണ്ടു. അതിലൊരു മിഠായിയും. എന്റെ പിറന്നാളാണ്, അശ്വലാൽ പറഞ്ഞു. മിഠായി വാങ്ങിയ പൊലീസുകാരൻ ഹബീബുള്ള എ ജി തിരിച്ച് ചോദിച്ചു കേക്കില്ലേ എന്ന്. എന്നാൽ കാശില്ലെന്നായിരുന്നു ആ കുരുന്നിന്റെ മറുപടി. എന്നാൽ കേക്ക് മുറിച്ച് പിറന്നാളാഘോഷിച്ചേക്കാമെന്നായി ഹബീബുള്ള. പണം മുടക്കി ഹബീബുള്ള തന്നെ അശ്വലാലിന്റെ പിറന്നാൾ കേക്ക് വാങ്ങി.
അശ്വലാലിന്റെ പിറന്നാൾ ആഘോഷിക്കാൻ ക്യാംപ് ഒരുങ്ങുമ്പോഴാണ് തലേ ദിവസം ക്യാംപിലെ മറ്റൊരു കുട്ടി, ദേവുവിന്റെ പിറന്നാളായിരുന്നുവെന്ന് ക്യാംപ് കോര്‍ഡിനേറ്റര്‍ പറഞ്ഞത്. അതിനുള്ള കേക്കും ഹബീബുള്ള തന്നെ വാങ്ങി. പിന്നെ സന്തോഷത്തിന്റെ ആഘോഷമായിരുന്നു. സ്വന്തം വീട് വിട്ട് മാറി നിൽക്കുന്നതിന്റെ ദുരിതമല്ലെന്നാം മറന്ന് അൽപ്പനേരത്തേക്ക് എല്ലാവരും അശ്വലാലിന്റെയും ദേവുവിന്റെയും പിറന്നാൾ ആഘോഷത്തിൽ മുഴുകി, സ്നേഹത്തിന്റെ മധുരമുള്ള കേക്ക് മുറിച്ചു.
അതേസമയം എളന്തിക്കര സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലെ കുരുന്നിന്റെ ആഗ്രഹം ഒരു ചെരുപ്പായിരുന്നു. അതും പിന്നിൽ ഒട്ടിപ്പുള്ള ചെരുപ്പ്. ആവശ്യപ്പെട്ടതോ പ്രതിപക്ഷ നേതാവ് വി ഡി സതീശനോടും. അമ്മയുടെ ഒക്കത്തുനിന്ന് ഇറങ്ങാതെ കുറുമ്പുകാണിക്കുന്ന കുഞ്ഞിന് പ്രതിപക്ഷ നേതാവിന്റെ ഉറപ്പ്, വാങ്ങി താരം. പിന്നെ ഒന്നും നോക്കിയില്ല അമ്മയുടെ ഒക്കത്തുനിന്ന് ഇറങ്ങി പ്രതിപക്ഷ നേതാവിനൊപ്പം കാറിൽ ചെരുപ്പുകടയിലേക്ക്. അവിടെ നിന്ന് ചെരുപ്പും വാങ്ങി ചായയും കുടിച്ചാണ് കുഞ്ഞു ജയപ്രസാദ് മടങ്ങിയത്.
ഓരോരുത്തരെയും കണ്ട് കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടെയാണ് അമ്മയുടെ ഓരം ചേർന്നിരുന്ന എട്ട് വയസ്സുകാരൻ വാടിയ മുഖത്തോടെ സ്ഥലം എംഎൽഎ യോട് തന്‍റെ സങ്കടം പറഞ്ഞത്. പെരുമഴപെയ്ത്ത് തന്‍റെ ഒരു ചെരുപ്പ് ഒഴുകിപ്പോയെന്ന് അവൻ പറഞ്ഞതോടെ. വിഷമിക്കേണ്ട ചെരുപ്പ് റെഡിയാക്കാമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് പ്രവർത്തകരോട് ചെരിപ്പ് വാങ്ങി നൽകാൻ നിർദ്ദേശിച്ചു. എന്നാൽ തനിക്ക് പിന്നിൽ ഒട്ടിപ്പുള്ള ചെരിപ്പ് തന്നെ വേണമെന്നായി കുഞ്ഞ്. അതോടെയാണ് അവനെ നേരിട്ട് കൊണ്ടുപോയി ചെരുപ്പും ഒരു ചായയും വാങ്ങിക്കൊടുത്ത് തിരിച്ച് ക്യാംപിലെത്തിച്ചത്.