മലപ്പുറം ചങ്ങരംകുളത്ത് കവുങ്ങിന് കുഴിയെടുക്കുന്നതിനിടെ അപൂർവയിനം നന്നങ്ങാടി കണ്ടെത്തി. മഹാശിലാ സംസ്‌കാര കാലത്തേതെന്ന് കരുതുന്ന, രണ്ട് വലിയ കുടങ്ങൾ ചേർന്ന ഈ ചരിത്രശേഷിപ്പിന് നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്നാണ് നിഗമനം.  

മലപ്പുറം: ചങ്ങരംകുളം ചിയ്യാനൂരില്‍ കവുങ്ങിന് കുഴിയെടുത്തപ്പോള്‍ അപൂര്‍വയിനം നന്നങ്ങാടി കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ചിയ്യാനൂരില്‍ താമസിക്കുന്ന മഞ്ഞക്കാട്ട് കുമാരന്റെ വീടിനോട് ചേര്‍ന്ന് രണ്ട് വലിയ കുടങ്ങള്‍ ചേര്‍ന്ന അപൂര്‍വയിനം നന്നങ്ങാടി കണ്ടെത്തിയത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രശേഷിപ്പുകളാണ് അവയെന്നാണ് നിഗമനം. പണ്ട് കാലങ്ങളില്‍ ധാന്യങ്ങള്‍ സൂക്ഷിക്കുന്നതിനും ശവസംസ്‌കാരം നടത്തുന്നതിനുമാണ് നന്നങ്ങാടികള്‍ ഉപയോഗിച്ചിരുന്നത്. അസാമാന്യ വലുപ്പമുള്ള കുടം ഒന്നിന് മുകളില്‍ മറ്റൊന്ന് വച്ച രീതിയിലാണ് ഇരിക്കുന്നത്.

മഹാശിലാ സംസ്‌കാരകാലത്തേതെന്നു കണക്കാക്കുന്ന നന്നങ്ങാടിയുടെ വക്ക്, ഉടല്‍, അടിഭാഗം എന്നിവ സാധാരണ കണ്ടുവരാറുള്ളവയില്‍നിന്ന് വ്യത്യസ്തമായാണ് കണ്ടെത്തിയിരിക്കുന്നത്. വളരെ വ്യത്യസ്തമായ അലങ്കാരപ്പണികളും നന്നങ്ങാടിയില്‍ കണ്ടെത്തിയിട്ടുണ്ട്. ചതുരക്കള്ളികളുടെ വളരെ അപൂര്‍വമായ ഡിസൈന്‍ കാണാം. നന്നങ്ങാടിയുടെ അടിഭാഗത്തായുള്ള മൊട്ടുപോലുള്ള ഭാഗവും വളരെ അപൂര്‍വമായാണ് ഇരിക്കുന്നത്.

പരന്ന മൂടിക്കല്ലിനുപകരം ഉരുണ്ടകരിങ്കല്ലാണ് മൂടിയായി ഉപയോഗിച്ചിരുന്നത്. പരിശോധിച്ചപ്പോള്‍ മണ്ണല്ലാതെ അകത്ത് ഒന്നും ഉണ്ടായിരുന്നില്ല. മഹാശിലായുഗത്തില്‍ മരിച്ചവരുടെ അസ്ഥികള്‍ മണ്ണില്‍ മറവുചെയ്തു സൂക്ഷിക്കാനുപയോഗിച്ചിരുന്ന വലിയ മണ്‍പാത്രങ്ങളാണ് നന്നങ്ങാടികള്‍. ചെറിയ മണ്‍പാത്രങ്ങള്‍, ഇരുമ്പായുധങ്ങള്‍, മുത്തുകള്‍ എന്നിവയും ഇവയ്ക്കുള്ളില്‍ കാണാറുണ്ട്. ഇതിനു മുമ്പും മേഖലയില്‍നിന്ന് നേരത്തേയും നന്നങ്ങാടികള്‍ ലഭിച്ചിട്ടുണ്ടെന്നാണു നാട്ടുകാര്‍ പറയുന്നത്.