മണിക്കൂറിന് 4 രൂപ, ഗതാഗതകുരുക്കില്‍ പെടാതെ മെട്രോയില്‍ കയറാന്‍ പബ്ലിക് ബൈ സൈക്കിൾ ഷെയറിംഗ്

By Web TeamFirst Published Sep 29, 2019, 5:40 PM IST
Highlights

1000 സൈക്കിളുകളാണ് കൊച്ചിയിൽ എത്തിക്കും

കൊച്ചിയിലെ വിവിധയിടങ്ങളിൽ സൈക്കിൾ സ്റ്റേഷനുകൾ സ്ഥാപിക്കും

കൊച്ചി: കൊച്ചി മെട്രോയുടെ പബ്ലിക് ബൈ സൈക്കിൾ ഷെയറിംഗ് പദ്ധതിക്ക് തുടക്കം. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്‍റെ പ്രചരണാർത്ഥം കൊച്ചിയിൽ സൈക്ക്ലത്തോൺ സംഘടിപ്പിച്ചു. കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കും മലനീകരണവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചി മെട്രോ പബ്ലിക് ബൈസിക്കിൾ ഷെയറിംഗ് പദ്ധതി നടപ്പിലാക്കുന്നത്.

ഇതിനായി 1000 സൈക്കിളുകളാണ് കൊച്ചിയിൽ എത്തിക്കാൻ പോകുന്നത്. കൊച്ചിയിലെ വിവിധയിടങ്ങളിൽ സൈക്കിൾ സ്റ്റേഷനുകൾ സ്ഥാപിക്കും. ഒരു ദിവസം 23 രൂപയും ഒരു മണിക്കൂറിന് 4 രൂപയുമാണ് നിരക്ക് ഈടാക്കുക. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലലേക്ക് വാടക നൽകി പൊതുജനങ്ങൾക്ക് ഇത് ഉപയോഗപെടുത്താം. പദ്ധതിയുടെ പ്രചാരണാർത്ഥം കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്‍റെയും കൊച്ചി മെട്രോയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൈക്ക്ലത്തോള്‍ കൊച്ചി മെട്രോ പ്രോജക്ട് ഡയറക്ടർ തിരുമൻ ആർച്ചുനൻ ഫ്ലാഗ് ഓഫ് ചെയ്തു.

ഹൈക്കോടതിക്കടുത്ത് നിന്ന് തുടങ്ങിയ സൈക്ക്ലത്തോണിൽ 200 സൈക്കിളിസ്റ്റുകൾ പങ്കെടുത്തു. ക്ലീൻ കൊച്ചി ഗ്രീൻ കൊച്ചി എന്ന ക്യാംപെയിന്‍റെ  ഭാഗമായി നടത്തിയ പരിപാടിയിൽ പ്ലാസ്റ്റിക് വിമുക്ത കൊച്ചിക്കായി കൈകോർക്കാനുള്ള  പ്രതിജ്ഞയും  എടുത്തു. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍റെയും വൈഎംസിഎയുടെയും സഹകരണത്തോടെയായിരുന്നു പരിപാടി.

click me!