ബി.ജെ.പി പ്രവര്‍ത്തകന്‍റെ കൊലപാതകം: സി.പി.എം പ്രവര്‍ത്തകനെ കോടതി വെറുതേവിട്ടു

By Web TeamFirst Published Nov 12, 2021, 7:33 PM IST
Highlights

പ്രതിക്കെതിരേ ആരോപിച്ച കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തതിനെ തുടര്‍ന്നാണ് കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതേ വിട്ടത്. 

ആലപ്പുഴ:  രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകനെ കരിങ്കല്‍ കഷ്ണം കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ  കേസില്‍ സി.പി.എം പ്രവര്‍ത്തകനെ കോടതി വെറുതേ വിട്ടു. ആലപ്പുഴ കറുകയില്‍ വാര്‍ഡില്‍ മരോട്ടിപറമ്പില്‍ വീട്ടില്‍ ദാമോദരന്‍ മകന്‍ മുരുകന്‍ ( 26 ) നെ കൊലപ്പെടുത്തിയ കേസില്‍ ആര്യാട് പഞ്ചായത്തില്‍ തൈലത്തറ വെളിയില്‍ രവീന്ദ്രന്‍ മകന്‍ രതീഷ് എന്ന വയറ്റുവേദന രതീഷ് ( 42) നെയാണ് ആലപ്പുഴ അഡിഷനല്‍ സെഷന്‍സ് കോടതി രണ്ട് ജഡ്ജി ഇ. ഇജാസ് ആണ് വെറുതേ വിട്ടത്. 

പ്രതിക്കെതിരേ ആരോപിച്ച കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തതിനെ തുടര്‍ന്നാണ് കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതേ വിട്ടത്. 2004 ജൂലൈ മൂന്നിന് രാത്രി 10.30 ന് ആലപ്പുഴ തണ്ണീര്‍മുക്കം റോഡില്‍ തലവടി  ജംഗ്ഷന് വടക്കുവശം വെച്ചായിരുന്നു സംഭവം. രാഷ്ട്രീയമായ മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് പ്രതി മുരുകനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ഒരാള്‍ അബോധാവസ്ഥയില്‍ കിടക്കുന്നുവെന്ന  ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ  ആലപ്പുഴ നോര്‍ത്ത് പൊലിസാണ് മുരുകനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. 

സംഭവസ്ഥലത്ത് വെച്ച് തന്നെ മുരുകന്‍ മരണപ്പെട്ടിരുന്നതിനാല്‍ ആദ്യം അജ്ഞാതമൃതദേഹം എന്ന നിലയിലാണ് പൊലീസ് കേസെടുത്തത്. പിന്നിടാണ് അന്വേഷണത്തില്‍കൊലപാതകമാണെന്ന് കണ്ടെത്തിയത്.  പൊലിസ് സ്വമേധയാ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. രതീഷിന്റെ സഹായികളായിരുന്ന കേസിലെ രണ്ടാം പ്രതി മനീഷ് എന്ന മനുവിനെയും മൂന്നാം പ്രതി സുരേഷിനെയും നേരത്തെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു.  കേസ് നടത്തുന്നതിന് ആരും തയ്യാറാകാതിരുന്ന സാഹചര്യത്തില്‍ അമ്പലപ്പുഴ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സൗജന്യനിയമസഹായത്തിന്‍റെ ഭാഗമായി അഡ്വ. പി.പി ബൈജുവാണ് പ്രതിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.  

വിചാരണ നടക്കുന്നതിനിടയില്‍ പ്രതിക്ക് മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒന്നരവര്‍ഷത്തോളം പല ചികിത്സാകേന്ദ്രങ്ങളിലും കിടന്നു ചികിത്സിച്ച ശേഷം രോഗം പൂര്‍ണമായി മാറിയതിനെ തുടര്‍ന്നാണ് വിചാരണ പൂര്‍ത്തീകരിച്ചത്. പ്രതിയെ ജാമ്യത്തില്‍ എടുക്കാന്‍ ബന്ധുക്കള്‍ ആരും തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് 2019 ജൂണ്‍ 13 മുതല്‍ ഇന്നലെ വരെ പ്രതി ജയിലില്‍ കഴിഞ്ഞാണ് വിചാരണ നേരിട്ടത്.

click me!