
പത്തനംതിട്ട : പന്തളത്ത് ബ്ലാക്ക് മാൻ രൂപത്തിൽ ഭീതി പരത്തി മോഷണം നടത്തി വന്ന സംഘത്തെ പൊലീസ് പിടികൂടി. നിരവധി മോഷണ കേസുകളിൽ പ്രതിയായ കുരമ്പാല സ്വദേശി അഭിജിത്തും പ്രായപൂർത്തിയാകാത്ത രണ്ടു പേരുമാണ് പിടിയിലായത്. അർദ്ധരാത്രി ബ്ലാക്ക് മാൻ രൂപത്തിലായിരുന്നു മോഷണപരമ്പര. ബൈക്കിൽ കറങ്ങി നടന്ന് മോഷണം മാത്രമല്ല വീടുകൾക്ക് നേരെ കല്ലേറും മറ്റ് സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും സംഘം നടത്തിയിരുന്നു.
നാട്ടുകാരെ ഭീതിയിലാഴ്ത്തിയ സംഘത്തെ ഏറെ പണിപ്പെട്ടാണ് പൊലീസ് പിടികൂടിയത്. മുഖ്യപ്രതി കുരമ്പാല സ്വദേശി അഭിജിത്ത് നിരവധി മോഷണകേസുകളിൽ പ്രതിയാണ്. അടുത്തിടെയാണ് ജയിൽ മോചിതനായത്. ഇയാൾക്കൊപ്പം പിടിയിലായ മറ്റ് രണ്ട് പേർക്ക് 16 വയസ്സ് മാത്രമാണ് പ്രായം. എറണാകുളത്തെ കടകളിൽ നിന്ന് മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിലും ഇരുവരും പ്രതികളാണ്.
ഒളിഞ്ഞ് നോട്ടം പതിവ്, ഒപ്പം മോഷണവും പ്രതി പിടിയിൽ
മലപ്പുറത്ത് കുളിമുറിയിൽ ഒളിഞ്ഞുനോട്ടവും മോഷണവും നടത്തിയ മോഷ്ടാവിനെ പൊലീസ് പിടികൂടി. മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശി റിബിൻ രാജ് ആണ് പൊന്നാനി പൊലീസിന്റെ വലയിലായത്. കുറച്ച് ദിവസങ്ങളിലായി എടപ്പാളിലെ പെരുമ്പറമ്പ് പൊല്പാക്കര, പാറപ്പുറം, കാലടി, കാവില്‍പടി മേഖലകളില്‍ രാത്രി മോഷണവും ഒളിഞ്ഞു നോട്ടവും പതിവായിരുന്നു. വീടുകളുടെ ജനല്‍ തുറന്ന് ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സ്വർണാഭരണങ്ങള്‍ കവരുകയും കുളിമുറികളിലും മറ്റും ഒളിഞ്ഞ് നോക്കുകയും ചെയ്യുന്നത് പതിവായതോടെ പ്രദേശവാസികൾ ഭീതിയിലായിരുന്നു.
പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. പിറകിലെ ലൈറ്റ് ഓഫ് ചെയ്ത നീല സ്കൂട്ടറില്‍ എത്തുന്ന ആളാണ് മോഷ്ടാവെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതിന് പിന്നാലെ കാവില്‍പടിയിലെ വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയുടെ ആഭരണങ്ങള്‍ ജനാല വഴി മോഷ്ടിക്കുകയും മറ്റൊരു വീട്ടിൽ മോഷണത്തിന് ശ്രമിക്കുമ്പോള്‍ വീട്ടുകാർ ഉണരുകയും ചെയ്തു. ഇതോടെ പ്രതി ഓടി രക്ഷപ്പെട്ടു. ഇതിനിടെ സ്കൂട്ടറിന്റെ താക്കോല്‍ നഷ്ടപ്പെട്ടതിനാല്‍ റിബിൻ രാജ്, താൻ വന്ന് സ്കൂട്ടർ സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു. പിന്നീട് പരിസരത്തുള്ള പ്രകാശ് എന്നയാളുടെ വീട്ടില്‍ നിന്ന് ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ച് സ്ഥലം വിട്ടു. ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സ്കൂട്ടറിനെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam