
കൊല്ലം: സ്കൂട്ടറിൽ കറങ്ങി നടന്ന് പെൺകുട്ടികളെ കടന്നു പിടിച്ച ശേഷം കടന്നു കളയുന്ന അജ്‌ഞാതനായി വല വിരിച്ച് പൊലീസ്. വീടുകളും നിരീക്ഷണ ക്യാമറകളും ഇല്ലാത്ത ഒറ്റപ്പെട്ട സ്‌ഥലങ്ങളാണ് സാമൂഹ്യ വിരുദ്ധന്റെ വിഹാരകേന്ദ്രം. ജില്ലയിൽ മൂന്നിടങ്ങളിലാണ് പെൺകുട്ടികൾ ഇയാളുടെ ആക്രമണത്തിനിരയായത്. മൂന്ന് സംഭവവും റിപ്പോർട്ട് ചെയ്തത് കൊല്ലം റൂറൽ പൊലീസിന്റെ വിവിധ സ്റ്റേഷൻ പരിധികളിലാണ്. സ്‌കൂൾ പ്രവേശനോത്സവ ദിവസം ശൂരനാട് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ചക്കുവള്ളി-മലനട റോഡിൽ ബസിറങ്ങി നടന്നു വരികയായിരുന്ന വിദ്യാർഥിനിയെ ഇയാൾ കടന്നുപിടിച്ചു. ഇരുവശവും നീളത്തിൽ മതിലുള്ള ചെറിയ റോഡിലൂടെ പെൺകുട്ടി ഒറ്റയ്ക്കു പോകുമ്പോഴാണ് സംഭവം. സ്കൂട്ടർ ഓടിച്ചു നൂറ് മീറ്ററോളം മുന്നോട്ടു പോയ ശേഷം തിരികെ വന്നായിരുന്നു പെൺകുട്ടിയെ ആക്രമിച്ചത്. ഇതേ ദിവസം തന്നെ കിഴക്കേ കല്ലട യിലും സമാനരീതിയിൽമറ്റൊരു പെൺകുട്ടിയും ആക്രമണത്തിനിരയായി.
കഴിഞ്ഞ ദിവസവും സംഭവം ആവർത്തിച്ചു. ശാസ്താംകോട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ പടിഞ്ഞാറേകല്ലട തോപ്പിൽ കടവിൽ ഉച്ചയ്ക്ക് സൈക്കിളിൽ വന്ന വിദ്യാർഥിനിയാണ് ആക്രമണത്തിനിരയായത്. സ്കൂട്ടറിൽ പിന്നാലെയെത്തി സൈക്കിൾ ഇടിച്ചിട്ട ശേഷമാണ് ആക്രമിച്ചത്. നിലവിളിച്ചുകൊണ്ട് സമീപത്തെ വീട്ടിലേക്ക് പെൺകുട്ടി ഓടി കയറിയതോടെ ഇയാൾ സ്കൂട്ടറിൽ കടന്നു. ഹെൽമറ്റണിഞ്ഞു മാസ്ക് ധരിച്ചാണ് അജ്ഞാതൻ എത്തിയതെന്നും തന്റെ മാല പൊട്ടിക്കാൻ ഇയാൾ ശ്രമിച്ചെന്നും പെൺകുട്ടി പറഞ്ഞു. പെൺകുട്ടികൾ ഒന്നിനുപുറകെ ഒന്നായി ആക്രമിക്കപ്പെടുമ്പോഴും പ്രതിയിലേക്ക് എത്തുന്ന കൃത്യമായ സൂചനകളൊന്നും പൊലീസിനു ലഭിച്ചിട്ടില്ല. നീല സ്കൂട്ടറിൽ എത്തിയാണ് ആക്രമണം എന്നത് മാത്രമാണ് ആകെയുള്ള തുമ്പ്. അതും വ്യാജ റജിസ്ട്രേഷൻ നമ്പർ പതിച്ച സ്കൂട്ടറിലാണ് എത്തുന്നതെന്നും സംശയമുണ്ട്. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അജ്ഞാതനായി പോലീസ് വലവിരിച്ച് കാത്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam