
കൊച്ചി: മരടിൽ വിനോദസഞ്ചാര ബോട്ടിന്റെ യന്ത്രം തകരാറിലായതിനെ തുടർന്ന് ബോട്ടിന്റെ നിയന്ത്രണം നഷ്ടമായി. വിദേശ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് കായലിൽ ഒഴുകി നടന്നു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. ‘ബ്ലൂ മറൈൻ’ എന്ന സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഔട്ട്‌ബോർഡ് എഞ്ചിൻ ഘടിപ്പിച്ച നാല് സീറ്റുകളുള്ള ബോട്ടാണ് തകരാറിലായത്. മറ്റൊരു ബോട്ട് സ്ഥലത്തെത്തി, തകരാറിലായ ബോട്ടിൻ്റെ യന്ത്രം ശരിയാക്കി. പിന്നീട് ബോട്ട് കരക്കടുപ്പിച്ചു. കായലിൽ കുടുങ്ങിയപ്പോൾ ഭയന്ന സഞ്ചാരികൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിൻ്റെ ആശ്വാസത്തിൽ ബോട്ടിൽ നിന്നും ഇറങ്ങി. വൈകുന്നേരം ആറ് മണിക്ക് ശേഷം ടൂറിസ്റ്റ് സർവീസ് നടത്തരുതെന്ന സർക്കാർ നിർദേശം ബോട്ട് ലംഘിച്ചെന്ന് വ്യക്തമായി.
കൂടാതെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ സർവീസ് നടത്തിയതിന് കഴിഞ്ഞ മാസം തന്നെ പിഴ ലഭിച്ച കമ്പനിയുടെ ബോട്ടാണിതെന്നും അധികൃതർ ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ മാസം 30-ന് കൊടുങ്ങല്ലൂർ പോർട്ട് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. എന്നാൽ ബോട്ടിന്റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇപ്പോൾ സാധുവാണെന്ന് ബ്ലൂ മറൈൻ കമ്പനി അവകാശപ്പെട്ടു. സർവീസ് സമയം ലംഘിച്ചതാണ് പ്രധാന വീഴ്ചയെന്ന് മുനിസിപ്പൽ അധികൃതർ ചൂണ്ടിക്കാണിച്ചു. മരട് മുനിസിപ്പൽ പരിധിയിലെ എല്ലാ വിനോദസഞ്ചാര ബോട്ടുകളും പരിശോധിക്കുമെന്നും നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുനിസിപ്പൽ സെക്രട്ടറി ഇ. നാസിം അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam