ചകിരിച്ചോറിലെ വൈദ്യുതചാലകത കുറയ്ക്കുന്നതിനുള്ള പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചു. ഈ പരിസ്ഥിതിസൗഹൃദ രീതി, കുറഞ്ഞ അളവിൽ വെള്ളം ഉപയോഗിച്ച് ഹൈ ഇസി ചകിരിച്ചോറിനെ കയറ്റുമതിക്ക് ആവശ്യമായ ലോ ഇസി നിലവാരത്തിലേക്ക് മാറ്റാൻ സഹായിക്കുന്നു.
കൊച്ചി: ചകിരിച്ചോറിലെ വൈദ്യുതചാലകത കുറയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ച് കുസാറ്റ് ഗവേഷകരായ ഉമാ ലക്ഷ്മിയും അധ്യാപകനായ ഡോ. അബേഷ് രഘുവരനും. അൾട്രാവയലറ്റ് രശ്മികളെ അടിസ്ഥാനമാക്കിയുള്ള ഇവരുടെ പഠനം അന്താരാഷ്ട്ര ജേണലായ ബയോറിസോഴ്സ് ടെക്നോളജി റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ചു.
പഠന പ്രകാരം അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ചതിലൂടെ ചകിരിച്ചോറിലെ ഉപ്പ് രസം കുറച്ച് വൈദ്യുതചാലകത 27.4 ശതമാനം വരെ കുറയ്ക്കാൻ കഴിയും. ഇതിലൂടെ ചകിരിച്ചോറ് കൂടുതൽ ഉപയോഗയോഗ്യമാകുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ഉപ്പ് രസം കൂടുതലുള്ള ചകിരിച്ചോറിന് വിദേശ വിപണിയിൽ ആവശ്യക്കുറവും കയറ്റുമതി ചെയ്ത ചരക്കുകൾ തിരിച്ചയക്കപ്പെട്ട സംഭവങ്ങളും ഉണ്ടായതായി അവർ ചൂണ്ടിക്കാണിക്കുന്നു.
ചകിരിച്ചോറ് കയറ്റുമതിയിൽ ഹൈ ഇ.സിയും ലോ ഇ.സിയും എന്നിങ്ങനെ ഗ്രേഡുകൾ വേർതിരിക്കുന്നു. ഇവിടെ ഇ.സി എന്നത് ഇലക്ട്രിക്കൽ കണ്ടക്റ്റിവിറ്റിയെയാണ് സൂചിപ്പിക്കുന്നത്. വൈദ്യുതചാലകത കുറഞ്ഞ ലോ ഇ.സി. ചകിരിച്ചോറിനാണ് കൂടുതൽ ആവശ്യകത. പുതിയ രീതിയിലൂടെ ഹൈ ഇ.സി ചകിരിച്ചോറിനെ ലോ ഇ.സി. നിലവാരത്തിലേക്ക് മാറ്റാൻ കഴിയുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. രാസവസ്തുക്കൾ ഉപയോഗിക്കാത്തതിനാൽ ഇത് പരിസ്ഥിതിസൗഹൃദ സാങ്കേതികവിദ്യയായും വിലയിരുത്തുന്നു.
ഇപ്പോൾ കയർ വ്യവസായ രംഗത്ത് ചകിരിച്ചോറിന്റെ വൈദ്യുതചാലകത കുറയ്ക്കാൻ സാധാരണ ആറോ ഏഴോ തവണ വെള്ളം ഉപയോഗിച്ച് കഴുകുകയാണ് പതിവ്, ഇതിന് വലിയ അളവിൽ വെള്ളം ആവശ്യമാണ്. എന്നാൽ പുതിയ രീതിയിൽ ഒരു തവണ വെള്ളം നൽകിയും ഏകദേശം ഒരു മണിക്കൂർ അൾട്രാവയലറ്റ് രശ്മി പ്രയോഗിച്ചും ആവശ്യമായ കുറവ് നേടാമെന്നാണ് പഠനം വ്യക്തമാക്കുന്നത്.


