
തൃശൂർ: പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ ഇന്‍റൺഷിപ്പിന് എത്തിയ മഹാരാജാസ് കോളേജ് വിദ്യാർത്ഥി ഡാമിൽ മുങ്ങിമരിച്ചു. മലപ്പുറം താനൂര്‍ ചീരംകുളങ്ങര മുഹമ്മദ് ഷാഫിയുടെ മകൻ യഹിയ(25) യാണ് മരിച്ചത്. എസ്‌എഫ്‌ഐ എറണാകുളം മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറിയാണ്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് സ്കൂബ ടീം മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ടോടെയാണ് പീച്ചി ജലസേചന വകുപ്പ് ക്വാര്‍ട്ടേഴ്‌സിന് സമീപം പീച്ചി ഡാമിന്റെ വൃഷ്‌ടി പ്രദേശത്ത് യഹിയയെ കാണാതായത്.
കോളേജിൽ നിന്നുള്ള 12 അംഗ സംഘം കേരള വന ഗവേഷണ കേന്ദ്രത്തിൽ ഇന്‍റൺഷിപ്പിനായാണ് പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ എത്തിയത്. എംഎസ്‌സി ബോട്ടണി വിദ്യാർഥിയാണ് യഹിയ. വൈകിട്ട് കുളിക്കാനായി നാല് സുഹൃത്തുക്കൾക്കൊപ്പം റിസർവോയറിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസം ഡാമിൽ സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളത്തില്‍ ഇറങ്ങിയ യഹിയ മുങ്ങി പോവുകയായിരുന്നു. കൂട്ടുകാർക്ക് യഹിയയെ രക്ഷിക്കാനായില്ല.
യഹിയ മുങ്ങിയതറിഞ്ഞ് ഉടൻ സമീപത്തുണ്ടായിരുന്ന നാട്ടുകാരിൽ ചിലർ രക്ഷിക്കാൻ ശ്രമം നടത്തി. എന്നാൽ ഇരുട്ടായതോടെ ശ്രമം ഉപേക്ഷിച്ചു. പിന്നീട് പീച്ചി പൊലീസും ചാലക്കുടി, പുതുക്കാട്, തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളും രാത്രി തെരച്ചിൽ നടത്തി. വനം ഉദ്യോഗസ്ഥരും വാച്ചർമാരും മത്സ്യബന്ധന തൊഴിലാളികളും സ്‌കൂബ ടീമും നാട്ടുകാരും തെരച്ചിലിൽ പങ്കെടുത്തു. ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Read More : 'റോഡ് പണിതു, പക്ഷേ വേണ്ടത്ര മെറ്റലും ടാറുമില്ല'; തൃശൂരിൽ എഞ്ചിനീയർമാർക്കും കരാറുകാരനും പണികിട്ടി, അഴിയെണ്ണും
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam