Asianet News MalayalamAsianet News Malayalam

'റോഡ് പണിതു, പക്ഷേ വേണ്ടത്ര മെറ്റലും ടാറുമില്ല'; തൃശൂരിൽ എഞ്ചിനീയർമാർക്കും കരാറുകാരനും പണികിട്ടി, അഴിയെണ്ണും

കരാറുകാരനായിരുന്ന റ്റി.ഡി ഡേവിസ് നിയമാനുസരണമുള്ള നിർമ്മാണസാമഗ്രികൾ ഉപയോഗിക്കാതെ അഴിമതി കാട്ടിയപ്പോൾ, രേഖകളിൽ മാറ്റം വരുത്തിയും കണക്ക് പരിശോധിക്കാതെയും എഞ്ചിനീയർമാരായ മെഹറുനീസ, വി.എ.റുക്കിയ എന്നിവർ അഴിമതിക്ക് കൂട്ട് നിന്നുവെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.

two pwd engineers and contractor get one year in prison after irregularities found in thrissur chilanka arikka road construction
Author
First Published May 9, 2024, 10:13 AM IST

തൃശ്ശൂർ: റോഡ് നിർമ്മാണത്തിൽ അഴിമതിൽ അഴിമതി കാട്ടിയ എഞ്ചിനീയർമാർക്കും കരാറുകാരനും തടവ് ശിക്ഷയും പിഴയും വിധിച്ച് വിജിലൻസ് കോടതി. തൃശ്ശൂർ ജില്ല പഞ്ചായത്ത് ആളൂർ ഡിവിഷൻ പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ ചിലങ്ക-അരിക്ക പബ്ലിക് റോഡിന്റെ പുനർനിർമ്മാണ പ്രവൃത്തികളിൽ അഴിമതി നടത്തിയ കേസിലാണ് നടപടി. അസി. എഞ്ചിനീയറായിരുന്ന മെഹറുനീസ, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ വി.എ.റുക്കിയ  എന്നിവരേയും  കരാറുകാരനായിരുന്ന റ്റി.ഡി ഡേവിസിനെയും തൃശ്ശൂർ വിജിലൻസ് കോടതി ഒരു വർഷം വീതം കഠിനതടവിനും 20000  രൂപ വീതം പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.

കരാറുകാരനായിരുന്ന റ്റി.ഡി ഡേവിസ് നിയമാനുസരണമുള്ള നിർമ്മാണസാമഗ്രികൾ ഉപയോഗിക്കാതെയും,  പ്രവൃത്തിയുടെ നിർവ്വഹണ ഉദ്ദ്യോഗസ്ഥയായിരുന്ന  അസി.എഞ്ചിനീയർ  മെഹറുനീസ പ്രവൃത്തിയുമായി ബന്ധപ്പെട്ട രേഖകളിൽ അളവുകൾ കരാറുകാരനെ സഹായിക്കുന്നതിന് കൂടുതലായി  രേഖപ്പെടുത്തിയും, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയറായ വി.എ.റുക്കിയ  അളവുകൾ  പരിശോധിച്ച് ഉറപ്പ് വരുത്താതെ ക്രമക്കേടിന് കൂട്ടു നിന്നുമാണ് അഴിമതി നടത്തിയത്. ഇവരുടെ അഴിമതി മൂലം  സർക്കാരിന് 1,08,664 രൂപയുടെ നഷ്ടം വരുത്തി എന്നതാണ് കേസ്.  

കേസിൽ തൃശ്ശൂർ വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി ആയിരുന്ന  സി.എസ് മജീദ് രജിസ്റ്റർ ചെയ്ത്  ഡി.വൈ.എസ്.പി . ജ്യോതിഷ് കുമാർ  കുറ്റപത്രം സമർപ്പിച്ച  കേസ്സിലാണ്  പ്രതികൾക്ക് തൃശ്ശൂർ വിജിലൻസ് കോടതി  ഒരു വർഷം വീതം കഠിനതടവിനും 20000/- രൂപ വീതം പിഴ ഒടുക്കുന്നതിനും വിധിച്ചത്. മെഹറുനിസ തദ്ദേശസ്വയം ഭരണ വകുപ്പിൽ നിന്നും  അസി.എഞ്ചിനീയർ തസ്തികയിൽ നിന്നും വിരമിച്ച ശേഷം  കരാറടിസ്ഥനത്തിൽ പുത്തൻചിറ ഗ്രാമപഞ്ചായത്തിൽ ജോലി നോക്കി വരികയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ  ഇ.ആർ.സ്റ്റാലിൻ ഹാജരായി.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ  കെ . വിനോദ്‌കുമാർ. ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

Read More : മൂന്ന് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ, കേരള തീരത്ത് കടലാക്രമണ സാധ്യത; ജാഗ്രത വേണം, കാലാവസ്ഥാ പ്രവചനം
 

Latest Videos
Follow Us:
Download App:
  • android
  • ios