അരുണാചലില്‍ വച്ച് മരണപ്പെട്ട മലയാളിയുടെ മൃതദേഹത്തോട് അനാദരവ്

By Web TeamFirst Published Jul 9, 2019, 12:05 AM IST
Highlights

സംസ്കാര ചടങ്ങിന് മുന്നോടിയായി വസ്ത്രങ്ങൾ മാറ്റാൻ മോർച്ചറിയിൽ എത്തിച്ചപ്പോഴാണ് മൃതദേഹം ജീ‍ർണ്ണിച്ച അവസ്ഥയിലാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. 

ആലപ്പുഴ: അരുണാചൽപ്രദേശിൽ മരിച്ച ഗ്രഫ് ജീവനക്കാരനും ആലപ്പുഴ ചിങ്ങോലി സ്വദേശിയുമായ അനിൽകുമാറിന്‍റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് പരാതി. കൃത്യമായി എംബാം ചെയ്യാതെ കൊണ്ടുവന്ന മൃതദേഹം ജീർണ്ണിച്ച അവസ്ഥയിലായിരുന്നുവെന്ന് ബന്ധുക്കൾ ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.

ശനിയാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നാണ് അനിൽകുമാർ മരിച്ചത്.നെടുമ്പാശ്ശേരിയിൽ രാവിലെ എത്തിച്ച മൃതദേഹം ഉച്ചയോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നു. സംസ്കാര ചടങ്ങിന് മുന്നോടിയായി വസ്ത്രങ്ങൾ മാറ്റാൻ മോർച്ചറിയിൽ എത്തിച്ചപ്പോഴാണ് മൃതദേഹം ജീ‍ർണ്ണിച്ച അവസ്ഥയിലാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.

ഉറപ്പില്ലാത്ത പെട്ടിയിൽ പ്ലാസ്റ്റിക് ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ദുർഗന്ധം വമിക്കുന്ന മൃതദേഹം തിരിച്ചറിയാൻ പോലും പ്രയാസമായിരുന്നുവെന്ന് ബന്ധുക്കൾ ജില്ലാ കളക്ടർക്ക് നൽകിയ പരാതിയില്‍ പറയുന്നു. സൈന്യത്തിന്‍റെ ഭാഗമായ ഗ്രഫ് ജീവനക്കാരന്‍റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് നാട്ടുകാ‍ർ പ്രതിഷേധിച്ചു. ഇതേ തുടർന്ന് ഏറെ വൈകിയാണ് സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്. 

വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം ചടങ്ങുകൾ നടന്നത്. പരാതി ദില്ലിയിലെ ഗ്രഫ് ആസ്ഥാനത്തേക്ക് അയക്കുമെന്ന് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള അറിയിച്ചു. 

click me!