125 ടൺവരെ ഈസിയായി വലിക്കാം, ഭാരശേഷി പരീക്ഷണം വിജയം; എസ് സി ഐ ഊർജ കൊച്ചിക്ക് മടങ്ങി

Published : Aug 18, 2023, 10:45 AM IST
125 ടൺവരെ ഈസിയായി വലിക്കാം, ഭാരശേഷി പരീക്ഷണം വിജയം; എസ് സി ഐ ഊർജ കൊച്ചിക്ക് മടങ്ങി

Synopsis

കരയിലെ ബൊളളാർഡിൽ നിന്ന് ഏതാണ്ട് 270 മീറ്റർ ദൂരം വരെയാണ് എസ് സി ഐ ഊർജ എന്ന ടഗ്ഗ് വടം വലിച്ചത്. 500 ടൺ വരെയുളള യാനങ്ങളുടെ ശേഷി പരിശോധന നടത്താനുളള സൗകര്യമാണ് വിഴിഞ്ഞം ബൊളളാർഡ് പുൾടെസ്റ്റ് കേന്ദ്രത്തിലുളളത്

തിരുവനന്തപുരം: ബൊളളാർഡ് പുൾടെസ്റ്റിംഗ് കേന്ദ്രത്തിലെ ഭാരശേഷി പരീക്ഷണം വിജയിച്ച് എസ് സി ഐ ഊർജ കൊച്ചിക്ക് മടങ്ങി. ഇന്നലെ പുലർച്ചെ അഞ്ചര മണിക്ക് വിഴിഞ്ഞം പുറം കടലിൽ നങ്കൂരമിട്ട ഊർജ ഉച്ചക്ക് രണ്ടരയോടെയാണ് പരീക്ഷണം പൂർത്തിയാക്കിയത്. ടഗ്ഗിനെ ബൊള്ളാർഡുമായി ബണ്ഡിപ്പിക്കാനുള്ള കൂറ്റൻ റോപ്പും യന്ത്ര ഭാഗങ്ങളും ഇറക്കുന്നതിനുള്ള ക്രെയിനും തൊഴിലാളികളും വിഴിഞ്ഞത്ത് എത്താൻ വൈകിയത് ഊർജയുടെ മടക്ക യാത്രക്ക് രണ്ട് മണിക്കൂർ താമസിപ്പിച്ചിരുന്നു.

മറൈൻ എൻഫോഴ്സ് മെന്റും തീരദേശ പോലീസും തീരസംരക്ഷണ സേനയും കടലിൽ ഊർജക്ക് സുരക്ഷയൊരുക്കി. കൊച്ചിൻ ഷിപ്പ് യാർഡിൽ നിന്ന് അടുത്തിടെ അറ്റകുറ്റ പണികൾ പൂർത്തിയാക്കിയ ടഗ്ഗിന്റെ വലിവുശേഷി പരിശോധനയാണ് ഇന്നലെ നടത്തിയത്. ഓരോ അഞ്ചുവർഷം കൂടുമ്പോൾ ഇത്തരത്തിലുളള യാനങ്ങൾ വലിവുശേഷി പരിശോധനാ നടത്താറുണ്ട്. ടഗ്ഗിൽ സജ്ജമാക്കിയിട്ടുളള ബൊളളാർഡിനെയും കരയിലുളള ബൊളളാർഡിലുളള ഉരുക്ക് തൂണിനെയും സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ വലിയ നൈലോൺ വടം കൊണ്ട് ആദ്യം ബന്ധിപ്പിച്ചായിരുന്നു പരിശോധന.

കരയിലെ ബൊളളാർഡിൽ നിന്ന് ഏതാണ്ട് 270 മീറ്റർ ദൂരം വരെയാണ് എസ് സി ഐ ഊർജ എന്ന ടഗ്ഗ് വടം വലിച്ചത്. 500 ടൺ വരെയുളള യാനങ്ങളുടെ ശേഷി പരിശോധന നടത്താനുളള സൗകര്യമാണ് വിഴിഞ്ഞം ബൊളളാർഡ് പുൾടെസ്റ്റ് കേന്ദ്രത്തിലുളളത്. ഇന്നലെ നടത്തിയ ടഗ്ഗിന് 125 ടൺവരെയുളള വലിവ് ശേഷിയുളളതായി പരിശോധയിൽ തെളിഞ്ഞുവെന്ന് ഷിപ്പ്‌യാർഡ് അധികൃതർ പറഞ്ഞു.

2017 ൽ ഷിപ്പിങ് കോർപ്പറേഷന്റെ അഹിംസ എന്ന കപ്പലും ഇവിടെ ശേഷി പരിശോധന നടത്തിയിരുന്നു.മാരിടൈം ബോർഡിന്റെ വിഴിഞ്ഞം പർസർ എസ്. ബിനുലാൽ, അസി. കൺസർവേറ്റർ എം.എസ്. അജീഷ് മണി, ഇന്ത്യൻ രജിസ്ട്രാർ ഓഫ് ഷിപ്പിങ് സർവ്വേയർ ബാബുജോസ്, കൊച്ചിൻ ഷിപ്പ് യാർഡിലെ സാങ്കേതിത വിദഗ്ദർ ഉൾപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം