ചെട്ടികുളങ്ങരയിൽ സിപിഎം പ്രവർത്തകന്‍റെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു

By Web TeamFirst Published Jan 8, 2019, 8:29 PM IST
Highlights

ആക്രമണത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. സിപിഎം പ്രവർത്തകരെ ഭയപ്പെടുത്തി കീഴ്പെടുത്താനാണ്
ഇവർ ശ്രമിക്കുന്നതെന്ന് സ്ഥലം സന്ദർശിച്ച ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി സുധാകരക്കുറുപ്പ് പറഞ്ഞു

മാവേലിക്കര: സിപിഎം കാട്ടുവള്ളി എ ബ്രാഞ്ചംഗവും റിട്ട. സർക്കാർ ഉദ്യോഗസ്ഥനുമായ ഈരേഴ വടക്ക് ശ്രീവത്സത്തിൽ ആർ ഗോപാലകൃഷ്ണന്റെ വീട്ടുമുറ്റത്ത് കുപ്പിയിൽ നിറച്ച സ്ഫോടക വസ്തു എറിഞ്ഞു പൊട്ടിച്ചു. തിങ്കളാഴ്ച രാത്രി 11 ന് ശേഷമാണ് സംഭവം. മതിലിനോട് ചേർന്ന് രണ്ടിടത്തായാണ് സ്ഫോടകവസ്തു എറിഞ്ഞത്.

ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറിയായി കഴിഞ്ഞ വർഷം വിരമിച്ച ഗോപാലകൃഷ്ണൻ താമസിക്കുന്നത് കാട്ടുവള്ളി ക്ഷേത്രത്തിന് ഏതാനും മീറ്റർ തെക്ക് മാറിയാണ്. സർവ്വീസിൽ നിന്നും വിരമിച്ച ശേഷം സിപിഎമ്മിന്‍റെ സജീവ പ്രവർത്തകനായിരുന്നു.

ആക്രമണത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. സിപിഎം പ്രവർത്തകരെ ഭയപ്പെടുത്തി കീഴ്പെടുത്താനാണ്
ഇവർ ശ്രമിക്കുന്നതെന്ന് സ്ഥലം സന്ദർശിച്ച ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി സുധാകരക്കുറുപ്പ് പറഞ്ഞു. ഇത്തരം ഭീഷണികൾക്ക് മുന്നിൽ സിപിഎം മുട്ടുമടക്കില്ലെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാവേലിക്കര സി ഐ വി മോഹൻലാലിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി പൊട്ടിച്ചിതറിയ സ്ഫോടകവസ്തുവിന്റെ അവശിഷ്ടങ്ങൾ പരിശോധനക്കായി കൊണ്ടുപോയി. ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി കൃഷ്ണമ്മയുടെയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെയും വീടുകൾക്ക് നേരേ പടക്കം കൊണ്ട് ആക്രമണം നടത്തിയ ആർഎസ്എസുകാർ അറസ്റ്റിലായത് ഏതാനും ആഴ്ചകൾക്ക് മുമ്പാണ്. തുടർന്ന് ആർഎസ്എസിന്റെ ആയുധശേഖരവും പൊലീസ് പിടിച്ചെടുത്തിരുന്നു.

ജനുവരി 2ന് ആർഎസ്എസ് മാവേലിക്കര നഗരത്തിൽ നടത്തിയ അപ്രഖ്യാപിത ഹർത്താലിന്‍റെ മറവിൽ താലൂക്ക് ഓഫീസും സിപിഎം പ്രവർത്തകന്‍റെ കടയും തകർത്തിരുന്നു. ഈ സംഭവത്തിൽ പ്രതികളായ ആർഎസ്എസുകാരെ പൊലീസ് തെരയുന്നതിനിടയിലാണ് വീണ്ടും ആർഎസ്എസ് ആക്രമണം ചെട്ടികുളങ്ങരയിൽ ഉണ്ടാവുന്നത്.

click me!