മലപ്പുറം തേഞ്ഞിപ്പലത്ത് ഒരു കിലോയിലധികം എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിലായി. പ്രധാന പ്രതിയായ ജാസിറിൻ്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ലഹരിമരുന്ന് പിടികൂടിയത്, ഇയാൾ ഒളിവിലാണ്.  

മലപ്പുറം: മലപ്പുറം തേഞ്ഞിപ്പലത്ത് വൻ ലഹരി വേട്ട. പൊലീസ് എത്തുന്നത് അറിഞ്ഞ് മാറ്റാൻ ഒരുങ്ങുമ്പോഴാണ് ഒരു കിലോയിലധികം എംഡിഎംഎ പിടിച്ചെടുത്തത്. കാലിക്കറ്റ് സര്‍വകലാശാല ഉൾപ്പെടെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽക്കുന്നവരാണ് പ്രതികൾ. എല്ലാം നിയന്ത്രിച്ചിരുന്ന പ്രധാന പ്രതി ജാസിര്‍ ഒളിവിൽ പോയി.

Add Asianetnews as a Preferred SourcegooglePreferred

ഇന്നലെ ഉച്ചയോടെയായിരുന്നു ചേലേമ്പ്ര പൈങ്ങോട്ടൂര്‍ സ്വദേശി ജാസിറിൻ്റെ വീട്ടിൽ നിന്ന് ഒരു കിലോ പതിനാറ് ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് റെയ്ഡ്. ഗോവണിയുടെ താഴെയായിരുന്നു എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. ചില്ലറ വിൽപ്പനയായിരുന്നു ലക്ഷ്യം. പൊലീസ് എത്തിയപ്പോൾ ഗൃഹനാഥൻ അസീസും ഭാര്യ കമറുന്നീസയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പരിശോധന തുടരുന്നതിനിടെ അതിവേഗത്തിൽ ഒരാൾ ബൈക്ക് ഓടിച്ച് വീട്ടുമുറ്റത്തെത്തി. പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടര്‍ന്ന പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. എംഡിഎംഎ മറ്റൊരു ഒളിയിടത്തിലേക്ക് മാറ്റാൻ എത്തിയതായിരുന്നു ജാസറിൻ്റെ സുഹൃത്തായ സലാഹുദ്ദീൻ. ലഹരി വച്ച സ്ഥലം വീട്ടുകാര്‍ കാണിച്ചു തരും എന്നാണ് പറഞ്ഞിരുന്നത്.

നിലവിൽ വീട്ടുകാരൻ അസീസ്, ഭാര്യ കമറുന്നീസ്, സലാഹുദ്ദീൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ വിശദ പരിശോധനയിൽ 21 ലക്ഷത്തോളം രൂപ കണ്ടെടുത്തു. എംഡിഎംഎ വിറ്റു കിട്ടിയ തുകയെന്നാണ് പ്രാഥമിക നിഗമനം. ഏഴ് ഫോണുകൾ കണ്ടെത്തി. രണ്ട് ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തു. ലഹരി ചെറിയ അളവിൽ തൂക്കി വിൽക്കാൻ ഉപയോഗിച്ചിരുന്ന അഞ്ച് ത്രാസുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.

YouTube video player