പൊലീസുകാര്‍ക്കും യാത്രികര്‍ക്കും തണലൊരുക്കി ബത്തേരി നഗരത്തിലെ ബോഗന്‍വില്ല

Published : Mar 14, 2022, 06:01 PM IST
പൊലീസുകാര്‍ക്കും യാത്രികര്‍ക്കും തണലൊരുക്കി ബത്തേരി നഗരത്തിലെ ബോഗന്‍വില്ല

Synopsis

ഏതാനും ദിവസങ്ങളായി ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ ബോഗന്‍വില്ല ചുവട്ടില്‍ തന്നെയാണ് മിക്കപ്പോഴും തണല്‍ തേടിയെത്തുന്നത്. പൊലീസില്ലാത്ത സമയത്ത് കാല്‍നടയാത്രക്കാരും ആശ്വാസത്തിനായി അല്‍പസമയം ഇവിടെ ചെലവിടുന്നു

കൽപ്പറ്റ: സംസ്ഥാനത്താകെ ചൂട് കനക്കുന്നുവെന്ന വിവരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും കൂടുതല്‍ മരങ്ങളും വനവുമൊക്കെയുള്ള ജില്ലയാണെങ്കിലും വയനാട്ടിലെ സ്ഥിതിയും മറിച്ചല്ല. പുലര്‍ച്ചെയുള്ള നേരിയ തണുപ്പ് ഒഴിച്ചാല്‍ പ്രത്യേകിച്ചും പകല്‍സമയങ്ങള്‍ കത്തിയെരിയുകയാണിവിടെ. ഇതരജില്ലകളെ ഒഴിച്ചാല്‍ പാതയോരങ്ങളില്‍ നിറയെ മരത്തണലുകള്‍ ഉണ്ടെന്ന ഏക ആശ്വാസം മാത്രമാണ് വയനാട്ടിലുള്ളത്. 

നഗരത്തിരക്കിനൊപ്പം ചൂട് കൂടിയാകുമ്പോള്‍ വേഗത്തില്‍ വീടണയുകയാണ് ജനങ്ങള്‍. ഇതിനിടയിലും ജോലിയുടെ ഭാഗമായി നഗരത്തിലെ വെയില്‍ മുഴുവന്‍ കൊള്ളേണ്ടി വരുന്നവരാണ് പൊലീസുകാരടക്കമുള്ളവര്‍. എന്നാല്‍ ബത്തേരി നഗരത്തിലെ നഗരസഭ ബസ് സ്റ്റാന്‍ഡ് ജംങ്ഷനില്‍ ഡ്യൂട്ടി കിട്ടിയാല്‍ ചൂടില്‍ നിന്ന് ഒരു പരിധി വരെ രക്ഷപ്പെടാനാകും. കവലക്ക് നടുവില്‍ വളര്‍ന്നുനില്‍ക്കുന്ന ബോഗന്‍വില്ലയുടെ തണലിലാണ് പൊലീസുകാരും യാത്രക്കാരുമൊക്കെ കടുത്ത ചൂടില്‍ ആശ്വാസം കണ്ടെത്തുന്നത്. 

വനത്തിന്റെയും സസ്യജാലങ്ങളുടെയും സംരക്ഷണത്തിന്റെ കൂടി പ്രാധാന്യം വിളിച്ചോതുന്നതാണ് നഗരത്തിലെ ഈ കാഴ്ച. നഗരച്ചൂടില്‍ അലഞ്ഞുമടുക്കുന്ന പല കാല്‍നടയാത്രക്കാരും ബസ് സ്റ്റാന്റ് ജങ്ഷനിലെത്തിയാല്‍ അല്‍പം വേഗം കുറക്കുമെന്നും ബോഗന്‍വില്ലക്ക് താഴെ പോയി വിശ്രമിക്കുമെന്നും ചില കച്ചവടക്കാരും സാക്ഷ്യപ്പെടുത്തുന്നു. ഏതാനും ദിവസങ്ങളായി ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ ബോഗന്‍വില്ല ചുവട്ടില്‍ തന്നെയാണ് മിക്കപ്പോഴും തണല്‍ തേടിയെത്തുന്നത്. പൊലീസില്ലാത്ത സമയത്താണ് കാല്‍നടക്കാര്‍ ആശ്വാസത്തിനായി അല്‍പസമയം ഇവിടെ ചെലവിടുന്നത്. വയനാട്ടില്‍ മിക്കയിടങ്ങളിലും പറയത്തക്ക വേനല്‍മഴ ലഭിച്ചിട്ടില്ല. ഇക്കാരണം കൊണ്ട് തന്നെ രാത്രിയില്‍ പോലും ഉറങ്ങാന്‍ കഴിയാത്ത വിധത്തിലുള്ള ചൂടാണെന്നാണ് ജനം പറയുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ