
കണ്ണൂർ: തെരുവ് നായയുടെ ആക്രണത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് നാലാം ക്ലാസുകാരൻ. കണ്ണൂർ കോളയാടാണ് സംഭവം. മൂന്ന് ദിവസം മുൻപ് നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. കോളയാട് സ്വദേശി സമീറിന്റെ മകൻ നാലാം ക്ലാസുകാരൻ ഷാസ് ആണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
സ്കൂൾ കഴിഞ്ഞ് ആലസ്യത്തിൽ നടന്നുവരികയായിരുന്നു ഷാസ്. ബാഗുമായി വീട്ടിലേക്ക് അടുക്കുമ്പോഴാണ് ഒരു കൂട്ടം തെരുവ് പട്ടികൾ അവന് നേർക്ക് ചാടിവീണത്. പെട്ടെന്ന് ബാഗ് വലിച്ചെറിഞ്ഞ് ശരവേഗത്തിൽ അവൻ ഓടി. തൊട്ടുപിന്നാലെ ഓടിയ പട്ടികൾ തൊട്ടു, തൊട്ടില്ല എന്ന നിലയിൽ എത്തി. എന്നാൽ ഒരു നിമിഷം വിട്ടുകൊടുക്കാതെ ഷാസ് ഓടിക്കൊണ്ടിരുന്നു. വിടാതെ പിന്തുടർന്ന പട്ടികൾ ഷാസ് വീട്ടിനകത്തേക്ക് കയറിയ ശേഷമാണ് നിന്നത്. വീടിനകത്തേക്ക് കയറിയപ്പോഴും പട്ടികൾ അവിടെ തന്നെ നിൽക്കുന്നതും വീഡിയോയിൽ കാണാം. ഓട്ടത്തിനിടയിൽ ഷാസിനെ കടിക്കാനും പട്ടികൾ ശ്രമിക്കുന്നുണ്ട്..
ഷാസിന്റെ ഓട്ടത്തിന്റെ വീഡിയോ മിന്നൽ മുരളിയെ അനുസ്മരിപ്പിക്കും. സിനിമാ രംഗങ്ങളിലെ എഫക്ടുകളൊന്നും ഇല്ലാതെ തന്നെ വീഡിയോയിലെ ഷാസ് ഹീറോയാണെന്ന് വീഡിയോ കണ്ടവർ പറയുന്നു. കാര്യം ഇതൊക്കെയാണെങ്കിലും സംഭവം വളരെ ഗൌരവത്തിൽ കാണേണ്ട വിഷയമാണെന്നും വീഡിയോ ഓർമിപ്പിക്കുന്നു. സംസ്ഥാനത്തെ പലയിടങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാവുകയാണ്. അടുത്തിടെ തെരുവുനായ കടിച്ച് പേവിഷ ബാധയേറ്റ സംഭവങ്ങളും നിരവധിയാണ്.
Read more: ഒരു നിമിഷം തിരക്കുകള്‍ മാറ്റിവച്ച് ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ...
കായംകുളത്ത് തെരുവുനായ ആക്രമണത്തിൽ ഹോം ഗാർഡ് ഉൾപ്പെടെ 9 പേർക്ക് പരിക്ക്
അതേസമയം കായംകുളത്ത് തെരുവുനായ ആക്രമണത്തിൽ ഹോം ഗാർഡ് ഉൾപ്പെടെ 9 പേർക്ക് പരിക്കേറ്റു. കായംകുളം പൊലീസ് സ്റ്റേഷന് സമീപമാണ് തെരുവുനായ വഴിയാത്രക്കാരെ ആക്രമിച്ചത്. ഹോം ഗാർഡ് രഘുവിന് തുടയിൽ കടിയേറ്റു. കായംകുളം പൊലീസ് സ്റ്റേഷന് മുന്നിൽ നിൽക്കുകയായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
Read more: തെരുവുനായയെ കൊന്നുപ്രകടനം, സജി മഞ്ഞക്കടമ്പൻ ഉൾപ്പെടെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു
ഗുരുവായൂരിൽ തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകും
ഗുരുവായൂരിൽ തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ വാക്സീൻ നൽകാൻ തീരുമാനം. ഗുരുവായൂർ ക്ഷേത്ര പരിസരത്തുള്ള തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ വാക്സീൻ നൽകുന്നതിന് ദേവസ്വം-നഗരസഭ-പൊലീസ് ഉന്നതതല യോഗം തീരുമാനിച്ചു. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. ഇതിനായി സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന്റെ അനുമതിയോടെ നായകളെ പിടികൂടുന്നതിന് നായ പിടുത്തക്കാരുടെ സേവനം തേടും. ക്ഷേത്രപരിസരത്തു വച്ച് ഭക്തർ നായകൾക്ക് ഭക്ഷണം നൽകുന്നത് നിരുത്സാഹപ്പെടുത്താനും യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം അഞ്ച് ഭക്തർക്ക് നായയുടെ കടിയേറ്റിരുന്നു.