
തിരുവനന്തപുരം: ബൈക്ക് പാർക്ക് ചെയ്ത് റോഡ് മുറിച്ച് കടക്കുമ്പോൾ അപകടം, 67കാരൻ യാത്രയാകുന്നത് നാല് പേർക്ക് പുതുജീവനേകി. നാഗർകോവിൽ സ്വദേശിയായ എസ് പോൾ പാണ്ഡ്യൻറെ നാല് അവയവങ്ങളാണ് കേരളത്തിലെ വിവിധ ആശുപത്രികൾക്ക് ദാനം ചെയ്തത്. തയ്യൽതൊഴിലാളിയായിരുന്ന പോൾ പാണ്ഡ്യൻ സൗത്ത് സൂരൻകൊടി സ്വദേശിയാണ്. പാണ്ഡ്യന്റെ രണ്ട് വൃക്കകളും രണ്ട് നേത്രപടലങ്ങളും ഉൾപ്പെടെ നാല് അവയവങ്ങളാണ് ദാനം ചെയ്തത്. ഓഗസ്റ്റ് 20നാണ് കന്യാകുമാരി നാഗർകോവിലിലെ പൊറ്റാൽ ജംഗ്ഷനിൽ വെച്ച് പോൾ പാണ്ഡ്യനെ എതിരെ വന്ന വാഹനം ഇടിച്ചത്. ബൈക്ക് പാർക്ക് ചെയ്ത ശേഷം റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്നലെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെയാണ് കുടുംബാംഗങ്ങൾ അവയവദാനത്തിന് തയ്യാറായത്.
തീരാവേദനയിലും അവയവദാനത്തിന് തയ്യാറായ കുടുംബത്തോട് ആരോഗ്യമന്ത്രി വീണാ ജോർജ് നന്ദി പറഞ്ഞു. കുടുംബാംഗങ്ങളുടെ ദുഖത്തോടൊപ്പം പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്‍റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും ഏകോപനവും നടന്നത്. എസ് തിലകവതിയാണ് പോൾ പാണ്ഡ്യന്‍റെ ഭാര്യ. പി. ശ്രീനാഥ്, പി. മോനികശ്രീ എന്നിവരാണ് മക്കൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam