'കമ്പിപ്പാരകൊണ്ട് വാതിൽ പൊളിച്ചും, കുത്തിത്തുറന്നും, ആക്രമിച്ചും കവർച്ച'; ഭീഷണിയിൽ ചേർത്തല നിവാസികൾ

Published : Oct 27, 2021, 07:04 PM ISTUpdated : Oct 27, 2021, 07:26 PM IST
'കമ്പിപ്പാരകൊണ്ട് വാതിൽ പൊളിച്ചും, കുത്തിത്തുറന്നും, ആക്രമിച്ചും കവർച്ച'; ഭീഷണിയിൽ ചേർത്തല നിവാസികൾ

Synopsis

സംഘടിതരും അക്രമകാരികളുമായ കവർച്ചാ സംഘത്തിന്റെ ഭീഷണിയിൽ ചേർത്തല നിവാസികൾ. മാരകായുധങ്ങളുമായി വാഹനങ്ങളിലെത്തി മോഷണം നടത്തി കടന്നുകളയുന്ന സംഭവങ്ങള്‍ ചേര്‍ത്തലയില്‍ പതിവാകുകയാണ്.

ചേർത്തല:  സംഘടിതരും അക്രമകാരികളുമായ കവർച്ചാ സംഘത്തിന്റെ ഭീഷണിയിൽ ചേർത്തല നിവാസികൾ. മാരകായുധങ്ങളുമായി വാഹനങ്ങളിലെത്തി മോഷണം നടത്തി കടന്നുകളയുന്ന സംഭവങ്ങള്‍ ചേര്‍ത്തലയില്‍ പതിവാകുകയാണ്. രണ്ടുമാസം മുമ്പ് ചേർത്തല നഗരത്തിൽ തന്നെ വല്ലയിൽ-വട്ടക്കാട്ട് പ്രദേശത്ത് മോഷ്ടാക്കളുടെ സംഘടിത മോഷണം നടന്നിരുന്നു. ഒരു വീട്ടിൽ നിന്നും ബൈക്ക് ഉൾപ്പെടെയാണ് മോഷണം പോയത്. അതിനു തൊട്ടുപിന്നാലെ തണ്ണീർമുക്കം പഞ്ചായത്തിൽ വെള്ളിയാകുളത്തും സമാനമായ രീതിയിൽ മോഷ്ടാക്കളുടെ സംഘടിത മോഷണം നടന്നു. 

ഇവിടെയും ഒരേ സമയം നിരവധി വീടുകളിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച പുലർച്ചെയുമായി ചേർത്തല മതിലകം ഭാഗത്ത് നിരവധി വീടുകളിലാണ് മോഷണം നടന്നത്. ഉറങ്ങി കിടന്നിരുന്ന വീട്ടമ്മയുടെ മൂന്നരപവനോളം വരുന്ന സ്വർണമാല പൊട്ടിച്ചെടുത്തു. ചിലയിടങ്ങളിൽ മോഷ്ടാക്കൾ മോഷണം നടത്തുന്നതിനിടയിൽ വീട്ടുകാർ ഉണരുന്നതിനെ തുടർന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. 

കഴിഞ്ഞ ദിവസം തണ്ണീർമുക്കം പഞ്ചായത്ത് 19-ാം വാർഡ് അമ്മു നിലയത്തിൽ അനിൽകുമാറിന്റെ ഭാര്യ ഉഷയുടെ സ്വർണമാലയാണ് നഷ്ടപ്പെട്ടത്. വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്നു ഉഷ. വീടിന്റെ വാതിൽ കുത്തിതുറന്ന് അകത്തുകയറിയ മോഷ്ടാവ് ഉഷയുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. ഉറക്കത്തിലായിരുന്ന ഉഷ പെട്ടെന്ന് എഴുന്നേറ്റപ്പോൾ കോട്ട് ധാരിയായ ഒരു കറുത്ത രൂപം ഓടി രക്ഷപെടുകയായിരുന്നു. മുറിയുടെ മേശപ്പുറത്തുവെച്ചിരുന്ന പണം അടങ്ങിയ പേഴ്സും കവർന്നിട്ടുണ്ട്. 

മൺവെട്ടി ഉപയോഗിച്ച് വാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നതെന്ന് കരുതുന്നു. ഇതിന് പിന്നാലെ നാമക്കാട് കോളനിയിൽ ലതികയുടെ വീട്ടിലും മോഷണശ്രമം നടന്നു. അടുക്കളവാതിലിന്റെ ലോക്ക് തകർക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ എഴുന്നേറ്റപ്പോഴേക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഈ രാത്രിയിൽതന്നെ വെളിയിൽ ലേഖാ സുരേഷിന്റെ വീട്ടിലും മോഷണശ്രമം നടന്നു. ശബ്ദം കേട്ട് വീട്ടുകാർ എഴുന്നേറ്റപ്പോഴേക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടു. എന്നാൽ മോഷ്ടാക്കളുടേതെന്ന് കരുതുന്ന ഒരു ബിഗ്ഷോപ്പർ ഇവിടെ നിന്നും കിട്ടി. ഇതിൽ രണ്ടുജോടി ചെരിപ്പും ഉണ്ടായിരുന്നു. പതിനൊന്നാം മൈലിനുസമീപമുള്ള വീട്ടിലും മോഷണശ്രമം നടന്നു. ഗേറ്റ് തുറക്കാൻ ശ്രമിക്കുന്ന മോഷ്ടാക്കളുടെ ചിത്രവും സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. 

കോടാലി, തൂമ്പ, കമ്പിപാര, അരിവാൾ, വാക്കത്തി തുടങ്ങിയ ആയുധങ്ങൾ വീടിനുസമീപം സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്ന് പൊലീസ് പറയുന്നു. പലരുടെയും വീടുകളിലെ പുരയിടത്തിൽ നിന്നും ലഭിക്കുന്ന ഇത്തരം ആയുധങ്ങൾ ഉപയോഗിച്ച് അടുക്കളവാതിൽ തകർത്തോ ഉറപ്പില്ലാത്ത വാതിൽ നോക്കി അത് തകർത്തുമാണ് മോഷ്ടാക്കൾ വീടിനുള്ളിൽ പ്രവേശിക്കുക. നാട്ടുകാരുടെയും റസിഡൻസ് അസോസിയേഷന്റേയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ പൊലീസ് ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ മോഷ്ടാക്കളെ എത്രയും വേഗം പിടികൂടാമെന്നാണ് പൊലീസും  നാട്ടുകാരും കരുതുന്നത്.

PREV
Read more Articles on
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും