
കോഴിക്കോട്: നാട്ടുകാരുടെ ഏറെക്കാലത്തെ കാത്തിരുപ്പും ആഗ്രഹവുമായിരുന്ന തോട്ടോളിക്കടവ് പാലം യാഥാര്‍ത്ഥ്യമാകുന്നു. പാലത്തിന്റെ പ്രാഥമിക പരിശോധനക്കായി പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിതോടെ പാലമെന്ന നാട്ടുകാരുടെ ചിരകാലസ്വപ്നത്തിന് ചിറക് മുളക്കുകയാണ്.
മുണ്ടോട്ട് പൊയില്‍, വെളുത്തപറമ്പ്, പടിഞ്ഞാറമല പ്രദേശവാസികളാണ് ഇവിടെ പാലം വേണമെന്ന് ആവശ്യമായി രംഗത്തിറങ്ങിയത്. പ്രദേശത്തെ കുട്ടികള്‍ വിദ്യാഭ്യാസത്തിനായി കരുവന്‍പൊയില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയാണ് ആശ്രയിക്കുന്നത്. ഇവര്‍ക്ക് തോട്ടോളിക്കടവില്‍ പാലം നിര്‍മിച്ചാല്‍ എളുപ്പത്തില്‍ സ്‌കൂളില്‍ എത്താനാകും. ഈ കടവില്‍ പുഴ കടക്കാന്‍ മുമ്പ് തോണിയെയാണ് നാട്ടുകാര്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ തോണിയില്ലാത്തതിനാല്‍ രണ്ടരയും മൂന്നും കിലോമീറ്റര്‍ അകലെയുള്ള മാതോലത്ത് കടവ്, മോയോട്ടക്കടവ് പാലങ്ങളാണ് നാട്ടുകാരുടെ ആശ്രയം.
പാലം നിര്‍മിക്കുന്നതോടെ കൊടുവള്ളി നഗരസഭയേയും ചാത്തമംഗലം ഗ്രാമപ്പഞ്ചായത്തിനേയും തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയും.
മുക്കം, ആര്‍.ഇ.സി, ചാത്തമംഗലം പ്രദേശത്തേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനും ഇതുവഴി സാധിക്കും. അബ്ദുള്ള തോട്ടോളി ചെയര്‍മാനും ഫൈസല്‍ കരുവന്‍പൊയില്‍ കണ്‍വീനറുമായി പാലത്തിനുവേണ്ടി പ്രദേശവാസികള്‍ കമ്മിറ്റി ഉണ്ടാക്കി കുന്ദമംഗലം എം.എല്‍.എ. പി.ടി.എ.റഹീമിന് നിവേദനം നല്‍കിയിരുന്നു.
എം.എല്‍.എ. പാലങ്ങള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയറോട് ഇതു സംബന്ധിച്ച് പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരമാണ് ഇന്‍വെസ്റ്റിഗേഷന്‍ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ഉദ്യോഗസ്ഥ സംഘം സ്ഥലപരിശോധന നടത്തിയത്. എസ്റ്റിമേറ്റ് തയ്യാറാക്കിക്കഴിഞ്ഞാല്‍ ഭരണാനുമതിക്കായി സമര്‍പ്പിക്കുന്നതിന് ചൊവ്വാഴ്ച എംഎല്‍എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam